പരവൂർ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ പ്രവർത്തനം ഊർജ്ജിതമാക്കുമെന്ന് പരവൂർ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ പറഞ്ഞു. നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്ന അവർ.

നഗരസഭ, പി.എച്ച്.സി എന്നിവിടങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. സമീപ പഞ്ചായത്തുക്കളെ കൂടി ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ സെൻട്രലൈസ്ഡ് ഓക്സിജൻ സംവിധാനമുള്ള 30 കിടക്കകൾ കൂടി സജ്ജമാക്കും.

നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. വാർഡുതലത്തിൽ ജാഗ്രതാ സമിതികളും പ്രവർത്തിക്കുന്നുണ്ട്. മരുന്നും ഉപകരണങ്ങളും വാങ്ങാൻ താലൂക്ക് ആശുപത്രിക്കും പൊഴിക്കര പി.എച്ച്.സിക്കും 20 ലക്ഷം രൂപ അനുവദിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ അനുവദിച്ചെന്നും ചെയർപേഴ്സൺ അറിയിച്ചു.