കൊല്ലം: കച്ചവടം കുറഞ്ഞ് പല ഇനങ്ങളുടെയും വിലയിടിയുമ്പോൾ ഭക്ഷ്യഎണ്ണകളുടെ വില തിളച്ചുകയറുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എണ്ണ വരവ് കുറഞ്ഞതും കേര വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയുടെ പ്രവർത്തനം കുറച്ച് ദിവസം സ്തംഭിച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം.
ഉപഭോഗം ഇടിഞ്ഞുനിൽക്കുന്നതിനാൽ ദിവസങ്ങൾക്കുള്ളിൽ വില താഴ്ന്നേക്കുമെന്നും കച്ചവടക്കാർ പറയുന്നു. ലൂസ് വെളിച്ചെണ്ണ വില രണ്ടാഴ്ച മുമ്പ് 175ൽ നിന്ന് 190 ആയി. മലേഷ്യയിൽ നിന്ന് പ്രധാനമായും എത്തുന്ന പാം ഓയിലിന്റെ വില 120ൽ നിന്ന് 140 ആയി. സൺഫ്ലവർ ഓയിലിന്റേത് 130ൽ നിന്നും 170 ആയി ഉയർന്നു. എന്നാൽ കൊച്ചുള്ളി വില ഒരാഴ്ചയ്ക്കിടെ 40ൽ നിന്നും 45 ലേക്ക് ഉയർന്നു. സവാളയുടേത് 28ൽ നിന്ന് 25ലേക്കും ഇടിഞ്ഞു. സാമ്പാർ പരിപ്പ് വില 80ൽ നിന്നും 95 ആയി. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിപണിയിൽ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് സാമ്പാർ പരിപ്പിന്റെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.
ഇടക്കാലത്ത് കുതിച്ചുയർന്ന കാശ്മീരി പിരിയൻ മുളകിന്റെ വില 360ൽ നിന്ന് 300 ആയി താഴ്ന്നു. സാധരണ മുളകിന്റേത് 170ൽ നിന്ന് 150 ആയി. വെളുത്തുള്ളി വില 110ൽ നിന്നും 120 ആയി.
ഇനം, ഇപ്പോഴത്തെ വില, രണ്ടാഴ്ച മുമ്പുള്ള വില
പാം ഓയിൽ - 140, 120
ലൂസ് വെളിച്ചെണ്ണ - 190, 175
സൺഫ്ലവർ ഓയിൽ - 170, 130
''
കച്ചവടം പൊളിഞ്ഞു. തൊഴിലാളികൾക്ക് കൂലി കൊടുത്താൽ പിന്നെ മിച്ചം ഒന്നുമില്ലാത്ത അവസ്ഥയാണ്. ഇപ്പോൾ ചില ഇനങ്ങൾക്കുണ്ടായ വിലവർദ്ധനവ് അധിക ദിവസം നിലനിൽക്കില്ല.
അബ്ദുൾ ഖാദർ
വ്യാപാരി, ചാമക്കട