kalluvathukkal
കല്ലുവാതുക്കൽ ഇ.എസ്.ഐ ഡിസ്പെൻസറി

ചാത്തന്നൂർ: അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും പ്രയോജനപ്പെടാതെ പോകുന്ന കല്ലുവാതുക്കൽ ഇ.എസ്.ഐ ഡിസ്പെൻസറിയുടെ അവസ്ഥ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഡിസ്പെൻസറി പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി 'റെസ്റ്റെടുത്ത് കല്ലുവാതുക്കൽ ഇ.എസ്.ഐ ഡിസ്പെൻസറി' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കല്ലുവാതുക്കൽ ഡിസ്പെൻസറിയിലേയ്ക്കുള്ള മരുന്നുകളും ചെലവിന്റെ പകുതിയും നൽകുന്നത് കേന്ദ്ര സർക്കാരാണെങ്കിലും ഭരണച്ചുമതല സംസ്ഥാന സർക്കാരിനാണ്. ഇത്രയേറെ സൗകര്യങ്ങളുള്ള ആശുപത്രിയും അനുബന്ധ കെട്ടിടങ്ങളും ദേശീയപാതയോരത്ത് തന്നെ ഉണ്ടായിട്ടും ലക്ഷങ്ങൾ ചെലവഴിച്ച് സ്വകാര്യ കെട്ടിടങ്ങൾ കൊവിഡ് കേന്ദ്രങ്ങളാക്കിയതിൽ നിഗൂഢതയുണ്ട്. എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനസുവച്ചാൽ കല്ലുവാതുക്കൽ ഇ.എസ്.ഐ ഡിസ്പെൻസറിയെ പ്രദേശത്തെ മികച്ച ആശുപത്രിയാക്കി മാറ്റാമെന്നും എം.പി പറഞ്ഞു.