police-checking
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്നുള്ള പൊലീസ് പരിശോധന. മൈലക്കാട് നിന്നുള്ള ദൃശ്യം

 നിയന്ത്രണങ്ങൾ കർശനമാക്കി സിറ്റി പൊലീസ്

കൊല്ലം: പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി നഗരത്തിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ വ്യാപകമാകുന്നു. തിങ്കളാഴ്ച ജനങ്ങൾ കൂട്ടത്തോടെ നിരത്തുകളിലിറങ്ങി പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ജനങ്ങൾ സ്വയം അച്ചടക്കം പാലിക്കാതെ പുറത്തിറങ്ങുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സിറ്രി പൊലീസിന്റെ തീരുമാനം.

ഇന്നലെ മുതൽ ബൈപ്പാസും ദേശീയപാതയും അടക്കമുള്ള പ്രധാന റോഡുകളിലെല്ലാം വാഹനപരിശോധന ശക്തമാക്കി. സ്റ്റേഷൻ പരിധികളിലും പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ഇളവുകൾ ദുരുപയോഗം ചെയ്ത് നിരവധി വ്യാപാര സ്ഥാപനങ്ങളും തട്ടുകടകളും തുറന്നുപ്രവർത്തിച്ചതായി കണ്ടെത്തി. ഇന്നലെ 32 കടകൾക്കെതിരെ പകർച്ചാവ്യാധി നിയമപ്രകാരം കേസെടുക്കുകയും അടപ്പിക്കുകയും ചെയ്തു.

കൃത്യമായ കാരണം ബോധിപ്പിക്കാനില്ലാതെ നിരത്തിലിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ലോക്ക് ഡൗൺ പിൻവലിക്കുന്നത് വരെ വിട്ടുനൽകില്ലെന്നും പൊലീസ് അറിയിച്ചു. മാസ്ക് ശരിയായി ധരിക്കാതിരുന്നതിന് 581 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്നതിന് 313 പേർക്കെതിരെയും ഇന്നലെ നടപടി സ്വീകരിച്ചിരുന്നു.

നിരീക്ഷണത്തിലുള്ളവരെ നിരീക്ഷിക്കാൻ

116 ബൈക്ക് പട്രോളിംഗ് സംഘം

പൊലീസ് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിരിക്കുന്ന കാൾ സെന്ററിൽ നിന്ന് ക്വാറന്റൈനിലുള്ളവരെ ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ സിറ്റി പരിധിയിൽ 116 ബൈക്ക് പട്രോളിംഗ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനമൈത്രി വോളണ്ടിയർമാരുടെയും തദ്ദേശ ഭരണസമിതി അംഗങ്ങളുടെയും സേവനം ഉറപ്പാക്കി ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കും. കൊവിഡ് സേഫ്റ്റി ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താൻ പ്രചാരണവും നടത്തും.

ഗ്രാമങ്ങളിൽ സമ്പർക്ക വ്യാപനം

സിറ്റി പൊലീസ് പരിധിയിലുള്ള ഗ്രാമപ്രദേശങ്ങളിൽ സമ്പർക്ക രോഗ വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് പൊലീസ് വിന്യാസം ശക്തമാക്കി. കർശനമായ നിയന്ത്രണം രോഗവ്യാപനം കുറയ്ക്കാൻ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ചില മേഖലകളിൽ വ്യാപാരസ്ഥാപനങ്ങൾ രാത്രി വൈകിയും പ്രവർത്തിക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

പൊലീസ് നടപടികൾ ഇന്നലെ

അടപ്പിച്ച കടകൾ: 32
മാസ്ക് ധരിക്കാത്തത്: 581
സാമൂഹിക അകലം പാലിക്കാത്തത്: 313

ലോക്ക് ഡൗൺ ലംഘനം കേസുകൾ: 417

അറസ്റ്റിലായവർ: 124
പിടിച്ചെടുത്ത വാഹനങ്ങൾ: 108

"ലോക്ക് ഡൗൺ ഇളവുകൾ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. ഉപദേശവും താക്കീതും ബഹുഭൂരിപക്ഷവും പാലിക്കുന്നുണ്ടെങ്കിലും ചിലർക്ക് ഇതൊന്നും ബാധകമല്ലെന്ന മനോഭാവമാണ്"

ടി. നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ