office

കൊല്ലം: കൊല്ലത്തിന് അനുവദിച്ച പിന്നാക്ക വികസന വകുപ്പിന്റെ മേഖലാ ഓഫീസിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി കളക്ടറെ നേരിൽ കണ്ട് നിവേദനം നൽകി.

പാവപ്പെട്ടവരാണ് പിന്നാക്ക വികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ. ഇതിൽ കശുഅണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റ് കൂലിപ്പണിക്കാരുടെയും മക്കൾ ഉൾപ്പെടുന്നു. ഇപ്പോൾ എറുണാകുളത്തെ റീജിയണൽ ഓഫീസിലാണ് വകുപ്പിന്റെ വിവിധ പദ്ധതികളുടെ അപേക്ഷ നൽകേണ്ടത്.

അവിടെ വരെ പോകാനുള്ള ബുദ്ധിമുട്ട് കാരണം പലരും അപേക്ഷിക്കാൻ മടിക്കുന്നു. കൊല്ലത്ത് ഓഫീസ് തുടങ്ങിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. അതോടൊപ്പം വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവുമാകും. അതുകൊണ്ട് ഒഴിഞ്ഞ ഓഫീസ് മുറികൾ കണ്ടെത്തി വകുപ്പിന് അനുവദിക്കണമെന്ന് നിവേദനത്തിൽ പറയുന്നു.