babu

കൊല്ലം: പ്രതിപക്ഷ നേതാവായി തൃപ്പൂണിത്തുറ എം.എൽ.എ കെ. ബാബുവിനെ കോൺഗ്രസ് പരിഗണിക്കണമെന്ന് ഈഴവ - തിയ്യ സഭ ആവശ്യപ്പെട്ടു. കോൺഗ്രസിൽ കെ. കരുണാകരന് ശേഷം എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നത്തല തുടങ്ങിയവരുടെ കാലത്ത് ഈഴവർ അവഗണന നേരിടുകയാണ്.
മണി കുബേര നിയമവും ചാരായ നിരോധനവും ഈഴവ സമുദായത്തെ ഉന്നംവച്ചാണ് നടപ്പാക്കിയത്. സി.വി. പത്മരാജനെയും വക്കം പുരുഷോത്തമനെയും അവഗണിച്ച് മാറ്റിനിറുത്തിയതും സമുദായം മറന്നിട്ടില്ല.

ഈഴവ സമുദായത്തെ ഇനിയും അവഗണിച്ചാൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കാഴ്ചബംഗ്ലാവിൽ കാണേണ്ട ഗതികേടുണ്ടാവുമെന്നും സഭ കേന്ദ്ര കമ്മിറ്റി ഓൺലൈൻ കോൺഫറൻസിൽ മുന്നറിയിപ്പ് നൽകി. കേന്ദ്ര സമിതി പ്രസിഡന്റ് പ്രാക്കുളം മോഹനൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി നെടുമം ജയകുമാർ പ്രമേയം അവതരിപ്പിച്ചു.
ഒഞ്ചിയം സി.കെ. രാഘവൻ, നരുവാമൂട് ശിവാനന്ദൻ, കല്പകശേരി രാജേന്ദ്രൻ, പുത്തൻകുളം രാജീവ്, സിബിൻ ഹരിദാസ് പാലക്കാട്, രാമാനന്ദൻ കട്ടപ്പന, ശിവാനന്ദൻ തൃപ്പൂണിത്തുറ, രാജേഷ് ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. മുണ്ടയ്ക്കൽ എസ്. സുരേഷ് കുമാർ സ്വാഗതവും ജെ.എസ്. ജഗദീഷ് കുമാർ നന്ദിയും പറഞ്ഞു.