കൊല്ലം: കൊവിഡ് സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും ആശ്വാസമായി പ്രാക്കുളം ഫ്രണ്ട് ക്ളബ് ഗ്രന്ഥശാലയുടെ അക്ഷരസേന. തൃക്കരുവ പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്ന പ്രാക്കുളം പ്രദേശത്താണ് അക്ഷരസേനാംഗങ്ങൾ സഹായവുമായി ഓടിയെത്തുന്നത്.
കൊവിഡ് ബാധിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വീടുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചുനൽകിയിരുന്നു. പഞ്ചായത്തിലെ കൊവിഡ് സെന്ററിൽ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അരിയും പലവ്യഞ്ജനങ്ങളുമടക്കമുള്ളവ എത്തിച്ചു നൽകുന്നതിലും മുന്നിലാണ് ഇവർ. വീടുകളിൽ ഭക്ഷ്യവസ്തുക്കൾ, മരുന്ന് മുതലായവ എത്തിക്കാനും ഇവരുടെ സേവനം ലഭ്യമാണ്. ലോക്ക് ഡൗൺ വിരസതയകറ്റാൻ ഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങളും എത്തിച്ചുനൽകുമെന്നും സമിതി പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി സിജു അരവിന്ദ് എന്നിവർ അറിയിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അക്ഷരസേന പ്രവർത്തനം ആരംഭിച്ചത്. കൊവിഡ് ഒന്നാം തരംഗത്തിൽ മാതൃകയായ പ്രവർത്തനം നടത്തി ശ്രദ്ധേയമായതാണ് സംഘടനയുടെ യുവജനവിഭാഗം. ഇത്തവണയും യൂത്ത് വിംഗ് പ്രവർത്തകരുടെ പങ്കാളിത്തത്തോടെയാണ് പ്രവർത്തനം. ഇരുപതോളം അംഗങ്ങളുള്ള അക്ഷരസേനയ്ക്ക് വിഷ്ണു ജയസൂര്യ, സുനു മോഹൻ, വിനായക്, ഗൗതം പി. രാജ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഫോൺ: 7593918948, 9745811378, 9495189343, 70254 44557.