അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതീപുരം ഓയിൽ പാം കൺവെൻഷൻ സെന്ററിൽ സജ്ജമാക്കിയിട്ടുള്ള കൊവിഡ് കരുതൽ വാസകേന്ദ്രത്തിൽ സാന്ത്വനമായി യോഗയും സംഗീതവും. ഏരൂർ സ്വദേശികളായ ആദർശ്, ഷംനാ എന്നിവരുടെ നേതൃത്വത്തിലാണ് സംഗീതം ആലപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഗീതാലാപനത്തിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ. ഷാജി, പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ മറ്റ് പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇവിടെ വ്യായമ പരിശീലനത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലാദിവസവും ഏരൂർ സ്വദേശിയും കാർഷിക യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഗീതാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ രാവിലെയും വൈകിട്ടും ശ്വസന വ്യായാമവും നൽകുന്നു. കൂടാതെ ഡോ. ബിജി രാജിന്റെ നേതൃത്വത്തിൽ എല്ലാദിവസവും ആരോഗ്യ പരിശോധനകളും നടക്കുന്നുണ്ട്.