പത്തനാപുരം: കഴിഞ്ഞ പത്ത് വർഷമായി പിറവന്തൂർ വാഴത്തോപ്പ് പ്രദേശങ്ങളിലെ കടത്തിണ്ണകളിൽ കഴിഞ്ഞിരുന്ന അപ്പുക്കുട്ടനെ (80) ഗാന്ധിഭവൻ ഏറ്റെടുത്തു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ട് നേരിടുന്ന, അവിവാഹിതനായ ഇദ്ദേഹം എലിപ്പനി ബാധിച്ചതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംരക്ഷിക്കാൻ ആരുമില്ലാത്തതിനാൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ആർ. ഷാഹിർഷാ, പുനലൂർ പൊലീസ് എസ്.എച്ച്.ഒ എന്നിവരുടെ ശുപാർശപ്രകാരം ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, പിറവന്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ പ്രകാശ്, സി.പി.ഐ ലോക്കൽ സെക്രട്ടറി വി.ജി. ശ്രീകുമാർ, എസ്. ശ്യാംരാജ്, വിനീത്, സ്റ്റാലിൻ എന്നിവർ ചേർന്ന് കൊവിഡ് പരിശോധനയ്ക്ക് ശേഷം ഗാന്ധിഭവനിൽ എത്തിച്ചു. ഇദ്ദേഹം ഇപ്പോൾ ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ പരിചരണത്തിലാണ്.