കൊല്ലം: മലയാള വ്യാകരണം കേട്ടാൽ പലരുടെയും മസ്തിഷ്കം വലിഞ്ഞുമുറുകും. പക്ഷെ മലയാളം വ്യാകരണ പഠനത്തിനിടയിൽ എസ്.എൻ കോളേജിലെ ക്ലാസ് മുറികൾ ഒരുകാലത്ത് ഒത്തിരി ചിരിച്ചിട്ടുണ്ട്. ആദിനാട് ഗോപി പഠിപ്പിക്കുമ്പോൾ. ക്ലാസ് വിരസമാകാതിരിക്കാൻ എന്തെങ്കിലും ഫലിതങ്ങൾ പറയുകയായിരുന്നില്ല. പഠിപ്പിക്കുന്ന വ്യാകരണത്തിനിടയിൽ ചിരിക്കുള്ള വക കൂടി നിറയ്ക്കുന്നതായിരുന്നു ആദിനാട് ഗോപിയുടെ സ്റ്റൈൽ.
പ്രാചീന സാഹിത്യവും പഠിപ്പിക്കുമായിരുന്നെങ്കിലും അദ്ദേഹത്തിന് ഏറെയിഷ്ടം വ്യാകരണവും ഭാഷശാസ്ത്രവുമായിരുന്നു. വിദ്യാർത്ഥികൾക്കും ആദിനാട് ഗോപിയുടെ വ്യാകരണ ക്ലാസുകളോടായിരുന്നു പ്രിയം. തമാശ പറഞ്ഞിട്ട് ആദ്യം ചിരിക്കുന്നതും അദ്ദേഹമാണ്. മൂല്യബോധങ്ങളിൽ മുറുകെപ്പിടിച്ചിരുന്നതിനൊപ്പം കടുത്ത സദാചാര നിഷ്ഠക്കാരനുമായിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്ന ഒരു സംഭവമുണ്ട്. പാശ്ചാത്യ സാഹിത്യത്തിൽ തല്പരനായ ഒരു അദ്ധ്യാപകൻ എം.എ ക്ലാസിൽ കുഞ്ഞുക്കുട്ടൻ തമ്പുരാന്റെ തുപ്പൽ കോളാമ്പി പഠിപ്പിച്ചു. അദ്ദേഹം തുപ്പൽ കോളാമ്പിയെ സ്ത്രീശരീരവുമായി ബന്ധപ്പെടുത്തി ക്ലാസ്മുറിയിൽ വ്യാഖ്യാനിച്ചു. അതുമായി ബന്ധപ്പെട്ട് വിശദമായ നോട്ടും നൽകി. ഏതോ വിദ്യർത്ഥി പറഞ്ഞ് ആദിനാട് ഗോപി ഇക്കാര്യം അറിഞ്ഞു. അന്ന് മലയാളം വിഭാഗം മേധാവിയായിരുന്ന അദ്ദേഹം ചീറിപ്പാഞ്ഞ് ക്ലാസ് മുറിയിലേക്കെത്തി. ഒരു പെൺകുട്ടിയിൽ നിന്ന് നോട്ട് വാങ്ങിനോക്കി. എന്നിട്ട് എല്ലാവരോടും തുപ്പൽ കോളാമ്പിയെ സ്ത്രീശീരത്തോട് ഉപമിച്ച് കുറിച്ച നോട്ടുകൾ വെട്ടാൻ ആവശ്യപ്പെട്ടു. മനസിൽ നിന്നും അക്കാര്യങ്ങൾ മായ്ച്ചേക്കാൻ പറഞ്ഞിട്ടാണ് അദ്ദേഹം മടങ്ങിയത്.
അദ്ദേഹത്തെ വിദ്യാർത്ഥികൾ ക്ഷോഭിച്ച് കണ്ടിട്ടില്ല. പക്ഷേ കർക്കശക്കാരനായിരുന്നു. 1957 ലാണ് കൊല്ലം ശ്രീനാരായണ കോളേജിൽ അദ്ധ്യാപകനായി പ്രവേശിച്ചത്. അദ്ധ്യാപകനാകുന്നതിന് മുമ്പേ നാടകങ്ങൾ എഴുതുമായിരുന്നു. 85ൽ വിരമിച്ച ശേഷമാണ് അദ്ദേഹം സാഹിത്യരചനയിൽ കൂടുതൽ വ്യാപൃതനായത്. എൺപതം വയസിൽ അഞ്ചും 85-ാം വയസിൽ പത്തും പുസ്തകങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിച്ചു. അവസാനനാളുകളിൽ 15 പുസ്തകങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. മുപ്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്. 1929ൽ വേലായുധൻ വൈദ്യന്റെയും ദേവകിയുടെയും മകനായിട്ടായിരുന്നു ജനനം. ഭാഷാശാസ്ത്രത്തെ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹം ആനുകാലികങ്ങളിൽ എഴുതിയിട്ടുള്ള ലേഖനങ്ങൾ വലിയ ചർച്ചകൾ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലത്തെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലും അദ്ദേഹം ഏറെ സജീവമായിരുന്നു.