ഓടനാവട്ടം: വീടിനടുത്തുള്ള പാറമടയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെളിയം പടിഞ്ഞാറ്റിൻകരയിൽ ഗിരീഷ് മന്ദിരത്തിൽ എസ്. രതീഷിന്റെ ഭാര്യ കൃഷ്ണയാണ് (27) മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ കൃഷ്ണയെ കാണ്മാനില്ലെന്ന് കാട്ടി വീട്ടുകാർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരുടെ തെരച്ചിലിൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടു.
വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ ഗോപീചന്ദ്രൻ, എ.എസ്.ഐ എസ്. ഉദയകുമാർ, കൊട്ടാരക്കര ഫയർ അസി. സ്റ്റേഷൻ ഓഫീസർ ആർ. സജീവ്, എസ്.എഫ്.ആർ.ഒ അനിൽകുമാർ, മനോജ്, ബിനു എന്നിവരുടെയും നേത്രത്വത്തിൽ മൃതദേഹം കരക്കെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഓടനാവട്ടം കട്ടയിൽ തുണ്ടുമേലതിൽ ജി. സജീവിന്റെയും ജയകുമാരിയുടെയും മകളാണ് കൃഷ്ണ. രതീഷ് ബീവറേജസ് കോർപ്പറേഷൻ ജീവനക്കാരനാണ്. നാല് വയസുള്ള ചിന്മയി ഏക മകളാണ്.