s

ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാല ‘അക്ഷര സ്നേഹം’ എന്ന പേരിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. പോരുവഴി ഗ്രാമ പഞ്ചായത്തിലെ 14,17 വാർഡുകൾ, ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിലെ 11-ാം വാർഡ്, ശൂരനാട് തെക്ക് പഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവിടങ്ങളിലെ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും അക്ഷര സ്നേഹത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. അക്ഷര സ്നേഹം ഹെൽപ്പ് ഡെസ്കിൽ ഡോക്ടർ, മൃഗ ഡോക്ടർ, പൊലീസ്, ഹെൽത്ത് ഇൻസ്പെക്ടർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർ എന്നിവരുടെ സേവനവും വാഹന സൗകര്യവും ലഭിക്കും. അവശ്യസാധനങ്ങളും അത്യാവശ്യ മരുന്നും എത്തിക്കാനും പൾസ് ഒക്സിമീറ്റർ ലഭ്യമാക്കാനുമുള്ള സേവനം ലഭ്യമാണ്. പോരുവഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നെസീറബീവി ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാല അംഗങ്ങളിൽനിന്ന് സ്വരൂപിച്ച വാക്സിൻ ചലഞ്ച് തുക പ്രവാസി വ്യവസായി മുഹമ്മദ് റാഫി കുഴുവേലിൽ ഏറ്റുവാങ്ങി. ഗ്രന്ഥ ശാലാ പ്രസിഡന്റ്‌ എം. നിസാമുദീൻ അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് പൊലീസ് സബ് ഇൻസ്പെക്ടർ ട്വിങ്കിൾ ശശി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ, ലത്തീഫ് പെരുംകുളം, ഇർഷാദ് കണ്ണൻ, സബീന ബൈജു എന്നിവർ സംസാരിച്ചു.