subaida
ആടിനെ വിറ്റ് കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ധ നേടിയ സുബൈദ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലഭിച്ച ക്ഷണക്കത്തുമായി

കൊല്ലം: ഉപജീവനമാർഗമായിരുന്ന ആടുകളെ വിറ്റ് രണ്ടുതവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ സുബൈദ ഉമ്മയും രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥിയാകും.

കഴിഞ്ഞ ദിവസമാണ് കളക്ടറേറ്റിൽ നിന്ന് വി.വി.ഐ.പി പാസ് ലഭിച്ചത്. അതിന്റെ ആവേശത്തിലാണ് ഈ അറുപത്തിയൊന്നുകാരി.

കൊവിഡ് ആദ്യവ്യാപന ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മുടങ്ങാതെ കണ്ടിരുന്നു. കുട്ടികൾ വിഷുക്കൈനീട്ടം കൊവിഡ് പ്രതിരോധത്തിന് സംഭാവന ചെയ്യുന്നത് കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെ നാല് ആടുകളെ വിറ്റു. 12,000 രൂപ കിട്ടി. അതിൽ 5,​000 രൂപ കളക്ടർക്ക് കൈമാറി. ബാക്കി തുക പാവപ്പെട്ടവർക്ക് ഒരു നേരത്തെ അന്നം നൽകാൻ ചെലവാക്കി.

അടുത്തിടെ കൊവിഡ് വാക്സിൻ സൗജന്യമായി ലഭിക്കില്ലെന്ന വാർത്ത കേട്ടപ്പോഴാണ് വീണ്ടും പണം നൽകണമെന്ന് തോന്നിയത്. രണ്ട് കുഞ്ഞാടുകളെയും രണ്ട് വലിയ ആടുകളെയും വീണ്ടും വിറ്റു. 16,000 രൂപ കിട്ടി. അതിൽ 5000 രൂപ കളക്ടറെ നേരിൽ കണ്ട് കൈമാറി. ബാക്കി തുകയും ദുരിതം അനുഭവിക്കുന്നവർക്കായി ചെലവാക്കി.

പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് എതിർവശം സംഗമം നഗർ 77ൽ വാടക വീട്ടിലാണ് സുബൈദ ഉമ്മയും കുടുംബവും താമസിക്കുന്നത്. സുബൈദയും ഭർത്താവ് അബ്ദുൽ സലാമും വീടിനോടു ചേർന്ന് ചായക്കട നടത്തുന്നുണ്ടെങ്കിലും കാര്യമായ വരുമാനമില്ല. അതുകൊണ്ടാണ് ആടുകളെ വളർത്തുന്നത്. മൂന്നു മക്കളുണ്ട് - നിഷ, ഷീജ, കുഞ്ഞുമോൻ. സുധീർ, സലിം, ലീന എന്നിവരാണ് മരുമക്കൾ.

''ചെറിയ സംഭാവന നൽകിയ എന്നെപ്പോലുള്ളവരെ സർക്കാർ ഓർത്തതിൽ സന്തോഷമുണ്ട്.

സുബൈദ ഉമ്മ