ഗുരുതര സാഹചര്യമെന്ന്
കൊല്ലം: രോഗവ്യാപനത്തിനൊപ്പം കൊവിഡിന്റെ പാർശ്വഫലങ്ങളിലൊന്നായ ബ്ലാക്ക് ഫംഗസ് രോഗം ജില്ലയിലും സ്ഥിരീകരിച്ചതോടെ ആശങ്ക വർദ്ധിക്കുന്നു. പൂയപ്പള്ളി സ്വദേശിനിയിലാണ് രോഗം കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി കാഴ്ചയ്ക്ക് മങ്ങലേറ്റതിനെ തുടർന്നുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു.
രോഗം ഗുരുതരമായാൽ കാഴ്ച നഷ്ടമാവുകയും കണ്ണ് നീക്കം ചെയ്യേണ്ട അവസ്ഥയും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. മ്യൂകോർമൈകോസിസ് എന്ന് അറിയപ്പെടുന്ന രോഗം പകരില്ലെന്നതിനാൽ പകർച്ചവ്യാധി ഭയം വേണ്ട. എന്നാൽ ബുദ്ധിമുട്ടുകൾ നിസാരമായി തള്ളാതെ ഉടൻ ചികിത്സ തേടണം. രോഗം ബാധിച്ച 2500 ഓളം പേർ മാഹാരാഷ്ട്രയിലുണ്ടെന്നാണ് കണക്കുകൾ.
ചികിത്സ
ഫംഗസ് പ്രതിരോധ മരുന്നുകൾ ഉപയോഗിച്ചാലും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. പ്രമേഹം നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗം കുറയ്ക്കുക, ഇമ്യൂണോമോഡുലേറ്റിംഗ് മരുന്നുകളുടെ ഉപയോഗം നിറുത്തുക എന്നിവ പ്രധാനമാണ്. കൊവിഡ് ചികിത്സയ്ക്ക് ശേഷം പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കണം. സ്റ്റിറോയിഡുകൾ ഉപയോഗിക്കുമ്പോൾ ശരിയായ സമയം, അളവ്, ദൈർഘ്യം എന്നിവയിലും ശ്രദ്ധവേണം. മൈക്രോ ബയോളജിസ്റ്റുകൾ, ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റുകൾ, ഇന്റൻസിവിസ്റ്റ് ന്യൂറോളജിസ്റ്റ്, ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റുകൾ, നേത്ര - ദന്തരോഗ വിദഗ്ദ്ധർ, ശസ്ത്രക്രിയാ വിദഗ്ദ്ധർ എന്നിവരുൾപ്പെട്ട സംഘമാണ് ചികിത്സ നടത്തുന്നത്.
ലക്ഷണം
1. മൂക്കടപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്
2. വേദനയോടെ മങ്ങിയ അല്ലെങ്കിൽ ഇരട്ടക്കാഴ്ച
3. മൂക്കിന് ചുറ്റുമുള്ള വേദനയും ചുവപ്പും
4. കറുപ്പ് - രക്തനിറത്തിൽ മൂക്കൊലിപ്പ്
5. കണ്ണ്, കവിൾ എന്നിവിടങ്ങളിൽ നീര്
5. തലവേദന
6. ശരീര വേദന
7. ചുമ, ഛർദ്ദി
8. നെഞ്ചുവേദന
9. താടിയെല്ല്, മുഖം എന്നിവിടങ്ങളിൽ വീക്കം അല്ലെങ്കിൽ വേദന
10. ചർമ്മം കറുത്ത നിറമാകുക
ശ്രദ്ധിക്കേണ്ടവ
1. തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയുണ്ടായാൽ പാരലൈസിസ്, ന്യൂമോണിയ, ചുഴലി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം
2. വേഗത്തിൽ ചികിത്സ തേടിയാൽ ഗുരുതരമാകാതെ സൂക്ഷിക്കാം
3. പൊടിപടലമുള്ള നിർമ്മാണ സൈറ്റുകൾ സന്ദർശിക്കുകയാണെങ്കിൽ മാസ്ക് ഉപയോഗിക്കണം
4. മണ്ണ് (പൂന്തോട്ട പരിപാലനം), വളം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ചെരിപ്പുകൾ, നീളൻ വസ്ത്രങ്ങൾ, കൈയുറകൾ ധരിക്കുക
5. സ്‌ക്രബ് ബാത്ത് ഉൾപ്പെടെ വ്യക്തി ശുചിത്വം പാലിക്കുക
"
പ്രതിരോധശേഷി കുറയുമ്പോഴാണ് രോഗം വരുന്നത്. കൊവിഡ് മാറിയാലും പ്രതിരോധ ശേഷി നിലനിറുത്തണം. ഭക്ഷണവും മാസ്‌കും ഉൾപ്പെടെയുള്ള കരുതൽ അത്യാവശ്യമാണ്. കൊവിഡാനന്തര ബുദ്ധിമുട്ടുകൾ നിസാരമായി കാണാതെ ചികിത്സ തേടണം.
ആരോഗ്യവിദഗ്ദ്ധർ