കൊല്ലം: പരിക്കേറ്റ് അവശനിലയിലായ വെള്ളിമൂങ്ങയ്ക്ക് കരുതലും പരിചരണവും നൽകി നീണ്ടകര കോസ്റ്റൽ പൊലീസ്. നീണ്ടകര അഞ്ചാം വാർഡിലെ ടാഗോർ നഗറിലെ ജെയ്‌സണിന്റെ വീട്ടിൽ ഇന്നലെ പുലർച്ചയോടെയാണ് വെള്ളിമൂങ്ങയെ കണ്ടെത്തിയത്. ചിറകൊടിഞ്ഞ നിലയിലായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗം അനിൽകുമാർ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് സി.ഐ ടി. മനോജ് നിർദ്ദേശിച്ചതനുസരിച്ച് എസ്.ഐ സാജൻ ആന്റണി, എ.എസ്.ഐ എസ്. അശോകൻ, പി.ആർ.ഒ ഡി. ശ്രീകുമാർ, സി.പി.ഒ വിപിൻ, കോസ്റ്റൽ വാർഡന്മാരായ സിൽവി തോമസ്, സജിൻ ലാൽ എന്നിവരുടെ സംഘമെത്തുകയും മൂങ്ങയെ ഏറ്റെടുക്കുകയുമായിരുന്നു.
ജില്ലാ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. സജയ്, ഡോ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിമൂങ്ങയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകി. തുടർന്ന് കൊല്ലം ഡെപ്യൂട്ടി റേഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് വെള്ളിമൂങ്ങയെ കൈമാറി.