photo
കൊട്ടാരക്കര പുലമൺ ജംഗ്ഷൻ

കൊല്ലം: സംസ്ഥാന മന്ത്രിസഭയിലേക്ക് കൊട്ടാരക്കരയിൽ നിന്ന് ഒന്നര പതിറ്റാണ്ടിന് ശേഷം ഒരാളെത്തുന്നത് വലിയ പ്രതീക്ഷയോടെ കാത്തിരിക്കയാണ് നാട്. മിനി സിവിൽ സ്റ്റേഷനടക്കം ഒട്ടേറെ വികസനം കൊട്ടാരക്കരയ്ക്ക് എത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാന വികസനം മുതൽ തുടങ്ങേണ്ടിയിരിക്കുന്നു. ഒരു പതിറ്റാണ്ട് മുൻപ് കൊട്ടാരക്കരയിൽ പ്രവർത്തനം തുടങ്ങിയ റൂറൽ എസ്.പി ഓഫീസിന് ഇനിയും കെട്ടിടമായില്ല. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കര പട്ടണത്തിൽ എപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ചെറിയ അപകടങ്ങൾ ഉണ്ടായാൽപോലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സ്ഥിതിയാണ്. താലൂക്ക് ആശുപത്രി 67.67 കോടി രൂപ ചെലവിൽ മിനി മെഡിക്കൽ കോളേജ് ആക്കുന്നതിനുള്ള നടപടികൾക്കും വേഗതയില്ല. പട്ടണത്തിൽക്കൂടി ഒഴുകുന്ന പുലമൺ തോടിന്റെ തകർച്ചയും പരിമിതികളോട് പൊരുതുന്ന ഫയർ സ്റ്റേഷനും ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന പട്ടണവും തീർത്തും ശോച്യാവസ്ഥയിലായ കൊട്ടാരക്കര ചന്തമുക്കിലെ മാർക്കറ്റും തുടങ്ങി എല്ലായിടങ്ങളും വലിയ വികസന സ്വപ്നങ്ങളുമായി കാത്തിരിക്കയാണ്.

ധനകാര്യ വകുപ്പിന്റെ ചുമതലയുള്ളയാളായതിനാൽ കെ.എൻ.ബാലഗോപാലിന് കൊട്ടാരക്കരയുടെ വികസനകാര്യത്തിൽ ഒട്ടേറെ ചെയ്യാനാകുമെന്ന് പ്രതീക്ഷയർപ്പിക്കുകയാണ്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ പെരുമ നിലനിർത്തി ഗുരുവായൂർ മോഡൽ ടെമ്പിൾ സിറ്റിയായി കൊട്ടാരക്കര മാറണമെന്നാണ് പൊതുവികാരം.

പുലമൺ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിച്ച് ഗതാഗത കുരുക്ക് ഒഴിവാക്കുവാൻ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടാ

യില്ല

കൊട്ടാരക്കര നഗരസഭയ്ക്ക് രവി നഗറിലെ കെ.ഐ.പി വക ഭൂമി വിട്ടുനൽകുകയും അവിടെ ആസ്ഥാന മന്ദിര നിർമ്മാണവും ഷോപ്പിംഗ് കോംപ്ളക്സിന്റെ നിർമ്മാണവും തുടങ്ങുമെന്നും പറയാൻ തുടങ്ങിയിട്ട് നാളേറെയായി. മൂന്നര ഏക്കർ ഭൂമി ഇവിടെ വിട്ടുനൽകാൻ പര്യാപ്തമായുണ്ട്. നഗരസഭയുടെ ആസ്ഥാനം ഇവിടേക്ക് മാറ്റി നിർമ്മിച്ചാൽ പട്ടണത്തിലെ തിരക്കുകൾക്ക് വലിയ കുറവ് വരും

കൊട്ടാരക്കരയിൽ നിലവിൽ സാംസ്കാരിക കേന്ദ്രമില്ല. കച്ചേരിമുക്കിലെ മണികണ്ഠൻ ആൽത്തറയും ചന്തമുക്കിലെ പാർക്കിംഗ് സ്ഥലവും സാംസ്കാരിക പരിപാടികൾക്ക് ഉപകരിക്കും വിധം മാറ്റിയെടുക്കണം.

വിദ്യാലയങ്ങൾ ഹൈടെക് ആകുന്ന ജോലികൾ നടന്നുവരുന്നത് പൂർത്തിയാക്കണം.

എല്ലാ മേഖലയിലേക്കും കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങണം

കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണം.

പൊതു ടൊയ്ലറ്റുകൾ, മുലയൂട്ടൽ കേന്ദ്രങ്ങൾ തുടങ്ങണം.

പട്ടണത്തിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കണം.

വിശ്രമ കേന്ദ്രങ്ങളും ന്യായവില ഭക്ഷണശാലകളും തുടങ്ങണം