police-checking
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്നുള്ള പൊലീസ് പരിശോധന. മേവറം ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം

 പെരുവഴിയിലിറക്കി വാഹനം പിടിച്ചെടുക്കുന്നു

കൊല്ലം: നഗരത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെയും ലോക്ക് ഡൗൺ ലംഘനങ്ങളുടെ പേരിൽ പിടികൂടി പെരുവഴിയിൽ നിറുത്തി പൊലീസ്. യാത്രയുടെ ഉദ്ദേശ്യം പോലും തിരക്കാതെ രോഗികളുൾപ്പെടെ സഞ്ചരിക്കുന്ന ഓട്ടോറിക്ഷകളും ടാക്സികളും പിടിച്ചെടുക്കുന്നതായും പരാതിയുണ്ട്.

സത്യവാങ്മൂലവും പാസുമൊക്കെ കൈയിലുണ്ടെങ്കിലും പരിശോധിക്കാൻ മിനക്കെടാതെ തോന്നുംപടി പ്രവർത്തിക്കുകയാണ് ചില പൊലീസ് ഉദ്യോഗസ്ഥർ. വാഹനത്തിൽ നിന്ന് ഇറക്കിവിടുന്നവരോട് 'നിങ്ങൾ വീട്ടിൽ പോകുന്നതിൽ ഞങ്ങൾക്ക് നിർബന്ധമില്ലെന്ന' തരത്തിലാണ് പ്രതികരണം. സ്ത്രീകളെയും വൃദ്ധരെയും ആക്ഷേപിക്കുന്നതും ചിലർ ഹരമാക്കിയിട്ടുണ്ട്.

ഓട്ടോ, ടാക്സി ഉൾപ്പെടെയുള്ള വാഹനങ്ങൾ പരിശോധിക്കാതെ തന്നെ കസ്റ്റഡിയിലെടുക്കാൻ കമ്മിഷണറുടെ ഉത്തരവുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ആശുപത്രി, വാക്സിനേഷൻ എന്നീ ആവശ്യങ്ങൾക്ക് പോകുന്നവരോടും ഇതേ നിലപാട് സ്വീകരിക്കുന്നത് ഏത് ഉത്തരവിന്റെ ബലത്തിലാണെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.

 കമ്മിഷണർ പറഞ്ഞാൽ മുന്നും പിന്നും നോക്കില്ല

അനാവശ്യമായി വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, 'കമ്മിഷണറുടെ ഉത്തരവുണ്ട്. റോഡിൽ വാഹനങ്ങൾ കൂടുന്നു. നിരത്തിലിറങ്ങുന്ന ഓട്ടോറിക്ഷകളും ടാക്സികളുമെല്ലാം പിടിച്ചെടുക്കുക'. പിന്നെ യാത്ര അനുവദനീയമാണോ അടിയന്തര പ്രാധാന്യമുള്ളവയാണോ എന്നൊന്നും നോക്കാതെയാണ് ചില പൊലീസുകാരുടെ ഇടപെടൽ.

 നിയമം അറിയില്ലെങ്കിൽ പഠിക്കണം സാറേ

സത്യവാങ്മൂലത്തിന്റെയും പൊലീസ് പാസിന്റെയും അടിസ്ഥാനത്തിൽ യാത്ര തുടരുന്നവരെ തടയാനും നിയമപരമല്ലെങ്കിൽ വാഹനം പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ടെങ്കിലും യാത്ര ചെയ്യുന്നവരെ പെരുവഴിയിലിറക്കി വിടാനുള്ള നിയമമൊന്നും നിലവിലില്ല. ഓട്ടോ, ടാക്സി എന്നിവയിൽ യാത്ര ചെയ്യുന്നവരെ മടക്കിഅയച്ച ശേഷം വാഹനം കസ്റ്റഡിയിലെടുക്കുന്ന നടപടികൾ സ്വീകരിക്കാതെ യാത്രക്കാർ 'എങ്ങനെയെങ്കിലും പൊയ്ക്കോളൂ' എന്നതാണ് പൊലീസിന്റെ നിലപാട്.

കസ്റ്റഡിയിലെടുക്കുമ്പോൾ വാഹനത്തിന്റെ നിലവിലുള്ള സ്ഥിതി വിവരവും തീയതിയും സമയവും സ്ഥലവും രേഖപ്പെടുത്തിയ രസീത് നൽകണമെന്നാണ് ചട്ടം. ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ തന്നെ സാക്ഷ്യപ്പെടുത്തുകയും വേണം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് വാഹനങ്ങൾ പിടിച്ചെടുക്കുന്നത്. ഭയം മൂലമാണ് പലരും ഇത്തരം അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാത്തത്.

''

അത്യാവശ്യ കാര്യത്തിന് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന എന്നെ കപ്പലണ്ടിമുക്കിൽ വച്ച് പൊലീസ് തടഞ്ഞു. യാത്രയുടെ ഉദ്ദേശ്യമെന്തെന്ന് പോലും കേൾക്കാതെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥ ഭീഷണി മുഴക്കി. ഇനി പുറത്തിറങ്ങിയാൽ വാഹനമകത്താക്കുമെന്ന് പറഞ്ഞ് അവർ ആക്രോശിക്കുകയായിരുന്നു.

പുഷ്പലത,​ മൈലക്കാട്