കുന്നത്തൂർ : ഹൃദ്രോഗ ബാധിതനായ അഞ്ചു വയസുകാരന്റെ ജീവൻ രക്ഷപ്പെടുത്തി ശാസ്താംകോട്ട ഫയർഫോഴ്സ് യൂണിറ്റ്. ശൂരനാട് തെക്ക് ഇഞ്ചക്കാട് വി.എസ് ഭവനിൽ അനിൽ - ആശ ദമ്പതികളുടെ മകൻ അഭിഷേകിനാണ് കരുണയുടെ കരങ്ങളുമായി ഫയർഫോഴ്സെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അഭിഷേകിന് ഹൃദ്രോഗത്തിനൊപ്പം ന്യുമോണിയയും കലശലായത്. നിർദ്ധനരായ മാതാപിതാക്കൾ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിക്കാൻ പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് വാർഡ് മെമ്പർ ശാസ്താംകോട്ട ഫയർഫോഴ്സിനെ സമീപിക്കുകയുമായിരുന്നു. വിവരം അറിഞ്ഞയുടൻ തന്നെ ആംബുലൻസ് വിട്ടു നൽകാൻ സ്റ്റേഷൻ ഓഫീസർ സാബുലാൽ തയ്യാറായി. ഒപ്പം ജീവനക്കാരായ അരുണിനെയും രാജനെയും. ഉടൻ തന്നെ ഇഞ്ചക്കാട്ടെ വീട്ടിലെത്തി കുട്ടിയെയും മാതാപിതാക്കളെയും കൂട്ടി ആംബുലൻസ് തിരുവനന്തപുരത്തേക്ക് കുതിച്ചു. അടിയന്തര പരിചരണം ലഭിച്ചതോടെ കുട്ടിയുടെ ഗുതരാവസ്ഥ വിട്ടകന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ കുട്ടിയെയും കൊണ്ട് ഇവർ വീട്ടിലേക്ക് മടങ്ങി.