ചവറ : എത്ര ഗൗരവമുള്ള പ്രശ്‌നത്തെയും നർമ്മംകൊണ്ട് നേരിട്ട മികച്ച ഭരണാധികാരിയായിരുന്നു മുൻമുഖ്യമന്ത്രി ഇ.കെ. നായനാരെന്ന് നിയുക്ത എം.എൽ.എ ഡോ. സുജിത് വിജയൻപിള്ള പറഞ്ഞു. ചവറ തെക്കുംഭാഗം ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി അങ്കണത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ചേർന്ന ഇ.കെ. നയനാർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി സ്വരൂപിച്ച പതിനായിരം രൂപയുടെ ചെക്ക് പ്രസിഡന്റ് ആർ. ഷാജി ശർമ്മ ഡോ. സുജിത് വിജയൻപിള്ളയ്ക്ക് കൈമാറി. ആർ. ഷാജി ശർമ്മ, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സീതാലക്ഷ്മി, പ്രദീപ് എസ്. പുല്യാഴം, അഷ്ടമുടി ജി. വേണുനാഥ്, എസ്. മോഹനൻ, പി. ഷാജി, സി. ശശിധരൻ, ഫെലിക്‌സ് എന്നിവർ പങ്കെടുത്തു.