photo
നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൊട്ടാരക്കര നീലേശ്വരത്തെ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ മധുരം നൽകുന്നു

കൊട്ടാരക്കര: നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് മധുരം നൽകി മാതാപിതാക്കൾ. ഇന്നലെ ഉച്ചയോടെയാണ് ചിറ്റയം ഗോപകുമാർ കൊട്ടാരക്കര നീലേശ്വരത്തെ വീട്ടിലെത്തിയത്. അച്ഛൻ ടി.ഗോപാലകൃഷ്ണനും അമ്മ ദേവയാനിയും ലഡുവുവായി കാത്ത് നിൽപ്പുണ്ടായിരുന്നു. ദേവയാനി മകന് മധുരം നൽകി സ്വീകരിച്ചു. കുടുംബാംഗങ്ങളുമായി ഏറെനേരം വർത്തമാനം പറഞ്ഞിരുന്നശേഷം മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് ചിറ്റയം ഗോപകുമാർ വീട്ടിൽ നിന്ന് ഇറങ്ങിയത്. കൊട്ടാരക്കരയിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിലും മണ്ഡലം സെക്രട്ടറി എ.എസ്.ഷാജിയും ജില്ലാ എക്സി.അംഗം കെ.എസ്.ഇന്ദുശേഖരൻ നായരും ഡി.രാമകൃഷ്ണ പിള്ളയും ഉണ്ണിക്കൃഷ്ണ മേനോനുമടക്കമുള്ള നേതാക്കൾ മധുരവുമായി കാത്ത് നിന്നിരുന്നു. പുതിയ നിയോഗം വലിയ സന്തോഷം തരുന്നുണ്ടെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. മുൻപ് കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ചിറ്റയം ഗോപകുമാർ.