കൊല്ലം: ജില്ലയിൽ കൊവിഡ് ചികിത്സയ്ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൂടുതൽ ഡി.സി.സികൾ തുറന്നു. പത്തനാപുരം തലവൂർ പഞ്ചായത്തിൽ ഡി.സി.സിയുടെ പ്രവർത്തനം ഇന്ന് ആരംഭിക്കും. 50 പേർക്കുള്ള സൗകര്യമുണ്ട്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഡി.സി.സികൾ ആരംഭിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് ഡി.സി.സിയിൽ 30 രോഗികൾ ചികിത്സയിലാണ്. പൂയപ്പള്ളി മരുതമൺപള്ളി മാർ ബസേലിയോസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡി.സി.സി തുടങ്ങി. 100 കിടക്കകളും മുഴുവൻ സമയ ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.
കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ സെന്റ് ഗ്രിഗോറിയസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ഡി.സി.സിയിൽ 40 കിടക്കകളുടെ സൗകര്യമുണ്ട്. ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 50 കിടക്കകളോട് കൂടിയ ഡി.സി.സി ഉടൻ ആരംഭിക്കും. പുനലൂർ നഗരസഭയിൽ നെല്ലിപ്പള്ളിയിലുള്ള പോളിടെക്‌നിക് വനിതാ ഹോസ്റ്റലിൽ 13 കിടക്കകളുള്ള ഡി.സി.സി ആരംഭിച്ചു.