കൊല്ലം: ക്വാറികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ക്വാറി ഉടമകൾ ആവശ്യപ്പെട്ടു. ജനവാസ മേഖലയിൽ നിന്ന് ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ ചില ക്വാറി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിൽ കക്ഷി ചേരുന്ന പരിസ്ഥിതി വാദികൾക്ക് പിന്നിൽ അയൽ സംസ്ഥാനങ്ങളിലെ ക്വാറി ഉടമകളാണ്. 50 മീറ്റർ ദൂരപരിധി എന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ അട്ടിമറിച്ച് അയൽ സംസ്ഥാന ക്വാറികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഇപ്പോൾ ഓരോ ദിവസവും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ലോഡ് ക്വാറി ഉത്പന്നങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
2015ൽ സംസ്ഥാന സർക്കാർ വിശദമായ പഠനത്തിന് ശേഷം തയ്യാറാക്കിയ കേരള മൈനർ മിനറൽ കൺസഷൻ റൂളിനും സംസ്ഥാന സർക്കാരിന്റെ അധികാരത്തിനും നേരെയുള്ള കടന്നുകയറ്റമാണ് ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയെന്ന് ഉടമകൾ ചൂണ്ടിക്കാട്ടി. ട്രൈബ്യൂണൽ നിശ്ചയിച്ച ദൂരപരിധി 200 മീറ്ററാണ്. ഇതിനെ സർക്കാർ നിയമപരമായി മറികടക്കണം.
ലൈസൻസ് പുതുക്കി നൽകാത്തതിനാൽ സംസ്ഥാനത്തെ നൂറുകണക്കിന് ക്രഷറുകൾ സ്തംഭിച്ചു. വിഷയം സർക്കാർ ഗൗരമായി കണ്ടില്ലെങ്കിൽ സമ്പത്തിന്റെ നല്ലൊരു വിഹിതം അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകും. കരിങ്കൽ ഉത്പന്നങ്ങൾക്ക് ഉയർന്ന വില നൽകേണ്ട സാഹചര്യവുമുണ്ടാകും. സർക്കാരിന് റോയൽറ്റി, ജി.എസ്.ടി ഉൾപ്പെടെയുള്ള ഇനങ്ങളിൽ ലഭിക്കേണ്ട വരുമാനവും നഷ്ടപ്പെടുന്നു.
200 മീറ്റർ ദൂരപരിധി
അപ്രായോഗികം
ജനസാന്ദ്രത കൂടിയ കേരളത്തിൽ 200 മീറ്റർ ദൂരപരിധി നിശ്ചയിച്ചാൽ 95 ശതമാനം ക്വാറികൾക്കും പ്രവർത്തിക്കാൻ കഴിയില്ല. 50 മീറ്റർ ദൂരപരിധി പുനഃസ്ഥാപിച്ച് കിട്ടാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണം. അല്ലെങ്കിൽ നിർമ്മാണ മേഖല പൂർണമായും സ്തംഭിക്കും.