പത്തനാപുരം: ''ഞാൻ ഇവിടെ അന്യനല്ല, ഞാനും ഈ കുടുംബത്തിലെ അംഗമാണ്. ഗാന്ധിഭവൻ എന്റെ കുടുംബമാണ്'' 2016 ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. ആ ഓർമ്മയിലാണ് ഗാന്ധിഭവനിലെ അമ്മമാരും കുഞ്ഞുങ്ങളും.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് 2014 ൽ ആദ്യമായി പത്തനാപുരം ഗാന്ധിഭവൻ സന്ദർശിക്കുകയും ഒന്നര മണിക്കൂറിലധികം സമയം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഒപ്പം ചെലവഴിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും പലവട്ടം അദ്ദേഹം ഗാന്ധിഭവനിലെത്തുകയും കുഞ്ഞുങ്ങൾക്കും അമ്മമാർക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും ഫോണിൽ വിളിച്ച് ഗാന്ധിഭവനിലെ അന്തേവാസികളുടെ സുഖവിവരങ്ങൾ അറിയാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു എന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറയുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി മത്സരിക്കുമ്പോൾ ഗാന്ധിഭവനിലെ മുതിർന്ന അന്തേവാസിയും സാക്ഷാൽ സർ സി.പി. രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകളുമായ ആനന്ദവല്ലിയമ്മാൾ എന്ന പാട്ടിയമ്മയുടെ നേതൃത്വത്തിൽ ഒരുസംഘം അമ്മമാർ തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിലെത്തി തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൊടുക്കുകയും അദ്ദേഹം അത് സന്തോഷപൂർവം സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമ്മമാർ തിരഞ്ഞെടുപ്പിന് കെട്ടിവെയ്ക്കാൻ നൽകിയ തുക ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജും ഗാന്ധിഭവന്റെ അമ്മയായ പ്രസന്നാ സോമരാജനും ധർമ്മടത്തെത്തി അദ്ദേഹം പങ്കെടുത്ത ഒരു സുപ്രധാന വേദിയിൽ വച്ച് കൈമാറി. പിണറായിയുടെ ഗാന്ധിഭവനോടുള്ള സ്‌​നേഹവും കരുതലും അദ്ദേഹത്തെ ഗാന്ധിഭവൻ കുടുംബങ്ങാംഗങ്ങളുടെ പ്രിയപ്പെട്ടവനാക്കിമാറ്റി. പ്രളയക്കെടുതിയിൽ കേരളം ദുരിതത്തിലായ ഓണക്കാലത്ത് ഗാന്ധിഭവനിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും ഓണക്കോടി വാങ്ങിനൽകുന്നതിനായി ഒരുലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൊടുത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയായി കഴിഞ്ഞ തവണത്തെപ്പോലെ തങ്ങളെ കാണാനെത്തുമെന്നുള്ള വിശ്വാസത്തിലാണ് ഗാന്ധിഭവൻ കുടുംബാംഗങ്ങൾ.