ചാത്തന്നൂർ: ചാത്തന്നൂർ ജംഗ്ഷനിൽ ജീർണാവസ്ഥയിലായ കെട്ടിടത്തിന്റെ പാരപ്പറ്റ് ഇടിഞ്ഞുവീണു. കെട്ടിടത്തിന് ചുവട്ടിൽ നിൽക്കുകയായിരുന്ന മൂന്ന് ചുമട്ടുതൊഴിലാളികൾ സമീപത്തെ കടയിലേക്ക് ഓടിമാറിയതിനാൽ അപകടമൊഴിവായി.
കഴിഞ്ഞദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. ചാത്തന്നൂർ ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡിന് പിന്നിലുള്ള ഇടറോഡിനോട് ചേർന്ന കെട്ടിടത്തിന്റെ പാരപ്പറ്റിന്റെ ഒരുഭാഗമാണ് മഴയിൽ തകർന്നുവീണത്. എപ്പോഴും തിരക്കുള്ള ഈ ഭാഗത്ത് മഴയെത്തുടർന്ന് ആളൊഴിഞ്ഞ സമയത്തായിരുന്നു അപകടം.
അപകടസമയം ചുമട്ടുതൊഴിലാളികളുടെ വിശ്രമസ്ഥലത്തോട് ചേർന്ന കെട്ടിടത്തിന് ചുവട്ടിൽ നിൽക്കുകയായിരുന്ന തൊഴിലാളികൾ മഴ തുടങ്ങിയതോടെ സമീപത്തെ കടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനുപിന്നാലെ പതിനഞ്ച് മീറ്ററോളം നീളത്തിൽ പാരപ്പറ്റ് ഇടവഴിയിലേക്ക് നിലംപതിക്കുകയായിരുന്നു.