കൊല്ലം: സംസ്ഥാനത്തെ ധനമന്ത്രിയായി കെ.എൻ.ബാലഗോപാൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ സന്തോഷത്തിലാണ് കൊട്ടാരക്കര. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് കൊട്ടാരക്കരയിൽ നിന്ന് സംസ്ഥാന മന്ത്രിസഭയിൽ ഒരു അംഗമെത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളൊഴിവാക്കാൻ പാർട്ടി നേതൃത്വത്തിന്റെ കർശന നിർദ്ദേശങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അനന്തപുരിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോൾ കൊട്ടാരക്കരയിലെ ആഘോഷങ്ങൾ ചുരുങ്ങി. പാർട്ടി ഓഫീസിൽ ചെറിയ തോതിൽ മധുരം വിതരണം ചെയ്തതും തേവലപ്പുറം കരുവായത്ത് നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തതും ചില്ലറ ആഘോഷങ്ങൾ മാത്രമായി. ടെലിവിഷനുകൾക്ക് മുന്നിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ കണ്ട് പ്രവർത്തകരും ആവേശംകൊള്ളുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി വ്യാഴാഴ്ച കെ.എൻ.ബാലഗോപാൽ സി.പി.എം കൊട്ടാരക്കര, എഴുകോൺ, പത്തനാപുരം ഏരിയ കമ്മിറ്റി ഓഫീസുകളിലും ജില്ലാ കമ്മിറ്റി ഓഫീസിലുമെത്തിയിരുന്നു. നാലിടത്തും മധുരം വിതരണം ചെയ്ത് ചെറിയ തോതിൽ സന്തോഷം പങ്കിട്ടു. ഇനി മന്ത്രി പരിവേഷത്തോടെയാണ് ബാലഗോപാൽ കൊട്ടാരക്കരയിലെത്തുക. പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുന്നതിന് പാർട്ടി പ്രവർത്തകർ കാലേക്കൂട്ടി ഇടപെടീൽ തുടങ്ങിയിരുന്നു. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിലും അന്തിമ തീരുമാനമുണ്ടാകും. കൊട്ടാരക്കരയിൽ മന്ത്രിയുമായി ബന്ധപ്പെട്ട് പ്രത്യേക ഓഫീസ് സംവിധാനവുമുണ്ടാകും. കൊവിഡ് പശ്ചാത്തലത്തിൽ മന്ത്രിയ്ക്ക് സ്വീകരണ പരിപാടികൾ ഉണ്ടാകില്ലെങ്കിലും കൊവിഡുമായി ബന്ധപ്പെട്ടും അനുബന്ധ പരിപാടികൾക്കുമായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വരും ദിവസങ്ങളിലും ബാലഗോപാൽ സജീവമായി ഉണ്ടാകും.