police
കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളെ തുടർന്ന് കൊല്ലം അഞ്ചുകല്ലുംമൂട്ടിലേക്കുള്ള പ്രവേശനം നിരോധിച്ച് വഴിയടച്ചിരിക്കുന്നു

 നഗരപരിധിയിൽ നിയന്ത്രണങ്ങൾ കർശനം

കൊല്ലം: വിവിധ തദ്ദേശ മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനം അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സിറ്റി പൊലീസ് പരിധിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. 30 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള നാല് പഞ്ചായത്തുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമായി നടപ്പാക്കും.

നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിൽ ഇന്നലെ ഉച്ചഭാഷിണിയിലൂടെ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. ഇവിടങ്ങളിലേക്ക് ഒരു വഴിയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് ഇടറോഡുകളും നടവഴികളും ഇന്ന് രാത്രി ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് പട്രോളിംഗ് ഏർപ്പെടുത്തും. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും ഇവിടങ്ങളിൽ വിന്യസിക്കും.

ഉത്തരവിന് വിരുദ്ധമായി പുറത്തിറങ്ങുന്നവർക്കെതിരെ പകർച്ചാവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കും. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും. തുറന്നിരിക്കുന്ന കടകൾ അടപ്പിച്ച് ലൈസൻസ് റദ്ദാക്കും. അവശ്യസേവന വിഭാഗം ഒഴികെയുള്ള യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കില്ല.

 നടപടികൾ ഇന്നലെ

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ച 176 വാഹനങ്ങൾ പിടിച്ചെടുത്തു. 91 പേരെ അറസ്റ്റ് ചെയ്തു. 67 കടകൾ അടച്ചുപൂട്ടി. ശരിയായ വിധം മാസ്ക് ധരിക്കാതിരുന്ന 643 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാതിരുന്ന 548 പേർക്കെതിരേയും നടപടി സ്വീകരിച്ചു.

'' ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയന്ത്രണങ്ങൾ അവസാനിച്ച ശേഷമേ വിട്ടുനൽകുകയുള്ളു.''

ടി. നാരായണൻ (കമ്മിഷണർ)