photo
കെ.എൻ.ബാലഗോപാലും ഭാര്യ ആശ പ്രഭാകരനും മക്കൾ കല്യാണിയും ശ്രീഹരിയും

കൊല്ലം: കോളേജ് പഠനകാലത്ത് കണ്ടുമുട്ടിയ എസ്.എഫ്.ഐ നേതാവിനൊപ്പം ജീവിതയാത്ര ആരംഭിക്കുമ്പോഴും പ്രിയ സഖാവ് ഒരിക്കൽ സംസ്ഥാനം ഭരിക്കുന്ന മന്ത്രിയാകുമെന്ന് ആശാ പ്രഭാകരൻ നിനച്ചിരുന്നില്ല. ധനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റ നിമിഷവും അമിതാഹ്ളാദമോ ആശ്ചര്യമോ പ്രകടിപ്പിച്ചില്ല. കാരണം സഖാവിന്റെ ഓരോ വളർച്ചയിലും ഒപ്പമുണ്ടായിരുന്നയാളാണ് ആശ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ് സഖാവിനെ ആദ്യമായി കാണുന്നത്. ബാലഗോപാൽ അന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. ആശ കോളേജ് യൂണിയൻ വൈസ് ചെയർമാനും. പിന്നീട് കോളേജ് യൂണിയൻ പരിപാടികളിലും സംഘടനാ പ്രവർത്തനങ്ങൾക്കിടെയും നിരവധി തവണ കണ്ടുമുട്ടിയ ഇരുവരും തമ്മിൽ ഒരുപാട് വർത്തമാനം പറഞ്ഞിട്ടുണ്ട്. പക്ഷേ, ആ സൗഹൃദത്തിന് പുതിയൊരു മാനം വന്നത് കുടുംബക്കാർ കൊണ്ടുവന്ന വിവാഹ ആലോചനയിലൂടെയാണ്.

പഠനശേഷം ആശ കരമന എൻ.എസ്.എസ് കോളേജിൽ അദ്ധ്യാപികയായി. രാഷ്ട്രീയ തിരക്കുകൾക്കിടെയും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പരമാവധി സമയം കണ്ടെത്തുന്നയാളാണ് ആശയുടെ 'ബാലഗോപാൽ സഖാവ്'.

യാത്രയും നാടൻ ഭക്ഷണവും പ്രിയം

തിരക്കുകൾക്കിടയിലും യാത്രകൾക്ക് കെ.എൻ. ബാലഗോപാൽ സമയം കണ്ടെത്താറുണ്ട്. കുടുംബത്തോടൊപ്പമാണ് കൂടുതൽ സഞ്ചാരം. നാടൻ ഭക്ഷണത്തോടാണ് പ്രിയം. കൊഞ്ചും മത്തിയുമാണ് ഇഷ്ട മത്സ്യങ്ങൾ. രുചികരമെങ്കിൽ കൂടുതൽ കഴിക്കാറുമുണ്ട്.

കാർട്ടൂൺ വരയോട് പ്രത്യേക കമ്പമാണ്. യാത്രകൾക്കിടയിലും വീട്ടിൽ വെറുതെ ഇരിക്കുമ്പോഴുമൊക്കെ വരയ്ക്കും. പല വരകളും നല്ല തമാശകളും ചിന്തിപ്പിക്കുന്നവയുമാണെന്ന് ആശയും മക്കളായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനി കല്യാണിയും പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി ശ്രീഹരിയും സാക്ഷ്യപ്പെടുത്തുന്നു.

"

രാഷ്ട്രീയം വീട്ടിൽ അങ്ങിനെ ചർച്ച ചെയ്യാറില്ല. പക്ഷേ,​ എന്തെങ്കിലും ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകും. ടെൻഷനുണ്ടെങ്കിലും പുറമെ കാണിക്കുന്ന ശീലമില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായും നല്ല ബന്ധം പുലർത്താറുണ്ട്.

ആശ പ്രഭാകരൻ