കുണ്ടറ: മഴയെത്തുടർന്ന് കൂറ്റൻ വൈദ്യുതി ടവറിന് ചുവട്ടിലെ മണ്ണ് ഇടിഞ്ഞുവീണത് പ്രദേശവാസികളിൽ ആശങ്കയ്ക്കിടയാക്കി. ഇടവട്ടം സെന്റ് ജോർജ് പള്ളിയുടെ ബസേലിയോസ് ഹാളിന് സമീപത്തെ ടവറാണ് അപകടഭീഷണിയായി നിൽക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ടവറിന് സമീപം അൻപതടിയോളം താഴ്ചയിലാണ് പതിക്കുന്നത്. ഇതുമൂലമാണ് മണ്ണിടിച്ചിലുണ്ടായത്.
കുണ്ടറ 220 കെ.വി സബ്സ്റ്റേഷനിൽ നിന്ന് പെരിനാട് റെയിൽവേ സ്റ്റേഷന് സമീപത്തെ സതേൺ റെയിൽവേ സബ് സ്റ്റേഷനിലേക്കുള്ള ലൈനിന്റെ ഭാഗമായുള്ള ടവറാണിത്. അടിയന്തരമായി ഇവിടെ സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതുണ്ട്. സമീപത്തെ സെന്റ് ജോർജ് ചാപ്പലും സെമിത്തേരിയും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.