crime

തിരുവനന്തപുരം: പാറക്വാറിക്കാരിൽ നിന്ന് തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലെ സർക്കിൾ ഇൻസ്പെക്ടർ മാസപ്പടിയായി കൈപ്പറ്റുന്നത് ലക്ഷങ്ങൾ. തിരുവനന്തപുരം - കൊല്ലം റൂറൽ പൊലീസ് ജില്ലകളുടെ അതിർത്തിയിലുള്ളതും തിരുവനന്തപുരം റൂറൽ എസ്.പിയുടെ പരിധിയിലുള്ളതുമായ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ് കൈക്കൂലിവീരൻ.

ചെറുതും വലുതുമായ ഒരു ഡസനോളം ക്വാറികളാണ് ഈ സ്റ്റേഷൻ അതിർത്തിയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ സ്ഥലം മാറ്റത്തിൽ അയൽജില്ലയിൽ നിന്നെത്തിയ സി.ഐ ചുമതലയെടുത്തശേഷമാണ് തന്റെ അതിർത്തിയിൽ ഇത്രയധികം ക്വാറികളുള്ളതായി മനസിലാക്കിയത്.

അൺലോക്കിൽ മാസപ്പടിക്ക് വഴിതുറന്നു

കൊവിഡിന്റെ തുടക്കത്തിലുണ്ടായ ലോക് ഡൗണിൽ അടച്ചുപൂട്ടിയ ക്വാറികളൊന്നും പിന്നീട് തുറക്കാനോ പാറപൊട്ടിക്കാനോ സർക്കാർ അനുമതി നൽകിയിരുന്നില്ല. അൺലോക്ക് നടപടികളുടെ ഭാഗമായി നിർമ്മാണ മേഖലയ്ക്ക് സർക്കാർ നൽകിയ അനുമതിയുടെ മറവിൽ ക്വാറികളിലെല്ലാം അനധികൃത ഖനനം ആരംഭിച്ചു. തദ്ദേശതിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വന്നതോടെ പരിസ്ഥിതി രാഷ്ട്രീയത്തിന് പ്രാധാന്യം നൽകുന്നവരുൾപ്പെടെ ക്വാറികൾക്ക് നേരെ കണ്ണടച്ചു.

രാഷ്ട്രീയ നേതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മൗനാനുവാദത്തോടെ പ്രവർത്തിച്ചുവന്ന ക്വാറികളെല്ലാം ചുമതലയേറ്റതിന് പിന്നാലെ അടപ്പിച്ച സി.ഐ പാസില്ലാതെ പാറയും ക്വാറി ഉൽപ്പന്നങ്ങളുമായെത്തിയിരുന്ന വാഹനങ്ങളും പിടികൂടാൻ തുടങ്ങി. ഇതോടെ പാറക്വാറിക്കാരുടെ ഇടനിലക്കാരായി പ്രവർത്തിച്ചുവന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവ് സി.ഐയുമായി ബന്ധപ്പെട്ട് ഡീലുണ്ടാക്കി.

ഒരു ക്വാറിക്ക് മാസപ്പടി കാൽ ലക്ഷം രൂപ

പ്രതിമാസം ഓരോ ക്വാറിയിൽ നിന്നും കാൽലക്ഷം രൂപവീതം പിരിവ് നൽകാമെന്നായിരുന്നു ധാരണ. പണം നേരിട്ട് കൈമാറാമെന്നും ഉറപ്പ് നൽകി. ക്വാറികൾ തുറക്കാൻ അനുവദിക്കുംമുമ്പേ ആദ്യഗഡു കൈമാറി സി.ഐയെ വിലയ്ക്കെടുത്ത ക്വാറി ഉടമകൾ കൈക്കൂലിനൽകിയ ധൈര്യത്തിൽ രാപ്പകലില്ലാതെ ഖനനം തുടങ്ങി.

ലോഡ് കണക്കിന് പാറ തിരുവനന്തപുരം റൂറൽ പൊലീസ് അതി‌ർത്തിയിൽ നിന്ന് ജില്ലയിലേക്കും അയൽ ജില്ലകളിലേക്കും തലങ്ങും വിലങ്ങും പാഞ്ഞു. പരിസ്ഥിതിക്ക് ഭീഷണിയാകും വിധത്തിലുള്ള പാറഖനനത്തിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നാട്ടുകാർ പരാതിയുമായി പഞ്ചായത്തിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചു. ഖനനം നി‌ർത്തിവയ്പ്പിക്കാനും അനധികൃതമായി ഖനനം നടത്തുന്നവർക്കെതിരെ കേസെടുക്കാനും കളക്റ്ററേറ്റിൽ നിന്ന് പൊലീസിന് നിർദ്ദേശം നൽകി. എന്നാൽ പൊലീസ് ഇതൊന്നും ചെവിക്കൊണ്ടില്ല.

രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി

പാറക്വാറിക്കാരും സി.ഐയും തമ്മിലുള്ള ഇടപാട് മണത്തറിഞ്ഞ രഹസ്യാന്വേഷണ വിഭാഗക്കാർ സംഭവം സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി സൈബർ പൊലീസ് സഹായത്തോടെ സി.ഐയുടെ മൊബൈൽ കോൾ വിശദാംശങ്ങളും മൊബൈലിന്റെ ടവർ ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് പാറക്വാറിക്കാരും രാഷ്ട്രീയ നേതാവും സി.ഐയും ഉൾപ്പെട്ട മാഫിയയുടെ ബന്ധം വ്യക്തമായത്.

വോയിസ് ക്ളിപ്പ് ഉൾപ്പെടെ തെളിവുകൾ

പൊലീസ് സ്റ്റേഷനിലോ താമസ സ്ഥലത്തോ ക്വാറിക്കാരെയോ ഇടനിലക്കാരെയോ അടുപ്പിക്കാതിരുന്ന സി.ഐ പാരിപ്പള്ളിയിലെ ഒരു രഹസ്യ സങ്കേതത്തിൽ വച്ചായിരുന്നു മാസപ്പടി കൈപ്പറ്റിയിരുന്നത്. ടെലിഫോൺ സംഭാഷണം ഉൾപ്പെടെ ചോർത്തി വ്യക്തമായ തെളിവുകൾ സഹിതമാണ് റൂറൽ എസ്.പി സി.ഐയ്ക്കെതിരെ ഐ.ജി മുഖാന്തരം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ സി.ഐയ്ക്കെതിരെ കർശനമായ നടപടിയും വിശദമായ അന്വേഷണവുമാണ് ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗികമായി പ്രതികരിക്കാൻ ഉന്നത ഉദ്യോഗസ്ഥരാരും തയ്യാറായിട്ടില്ല.