 അന്വേഷണം വഴിമുട്ടി

പത്തനാപുരം: വനാതിർത്തിയിലെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യുവാവിനെ കാണാതായിട്ട് എട്ടുമാസം. കടശേരി മുക്കലംപാട്ട് തെക്കേക്കര ലതികാ വിലാസത്തിൽ രവീന്ദ്രന്റെയും ലതികയുടെയും മകൻ രാഹുലിനെ (19)​ ആഗസ്റ്റ് 19 മുതലാണ് കാണാതായത്. അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.

സുഹൃത്തുക്കൾക്കൊപ്പം ഫോണിൽ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന രാഹുൽ രാത്രി പത്തോടെ വീട്ടിലെത്തി. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാതാപിതാക്കളും രാഹുലും സഹോദരൻ രഞ്ജിത്തും മൂന്ന് വീടുകളിലായിട്ടാണ് താമസിച്ചിരുന്നത്. പിറ്റേ ദിവസം രാവിലെ മാതാവ് എത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. മൊബൈൽ ഫോൺ മാത്രമാണ് വീട്ടിൽ നിന്ന് കൊണ്ടുപോയിരിക്കുന്നത്. സൈബർ സെല്ലിന്റെ അന്വേഷണത്തിൽ 20ന് പുലർച്ചെ മൂന്നോടെ കടശേരി ടവർ ലൊക്കേഷനിൽ ഫോൺ സ്വിച്ച് ഓഫ് ആയെന്ന് കണ്ടെത്തി.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതല്ലെന്ന നിഗമനത്തിലെത്തിയ അന്വേഷണ സംഘം വീട്ടുകാരോടുള്ള പിണക്കത്തിൽ മാറി നിൽക്കുന്നതാണോയെന്നും അന്വേഷിച്ചു. ഇതിലും തെളിവുകൾ കണ്ടെത്താനായില്ല.

മൃഗവേട്ട സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീടിന് സമീപം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സംശയാസ്പദമായ സ്ഥലങ്ങൾ കുഴിച്ച് നോക്കിയും ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തി. മാതാപിതാക്കൾ, സഹോദരൻ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരെ പലതവണ ചോദ്യം ചെയ്തു. കാണാതായപ്പോൾ വനത്തിനുള്ളിൽ പൊലീസിന്റെയും വനപാലകരുടെയും നേതൃത്വത്തിൽ രണ്ടാഴ്ചയോളം തെരച്ചിൽ നടത്തിയിരുന്നു. എന്നിട്ടും രാഹുലിനെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല.