ചാത്തന്നൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷിയിറക്കിയ ചാത്തന്നൂരിലെ നെൽക്കർഷകർ സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് നൽകിയത് 80 ടൺ നെല്ല്. കർഷകരുടെ സ്വന്തം ആവശ്യത്തിനും പ്രാദേശിക വിൽപ്പനയ്ക്കും ശേഷമാണ് നാല് ഏലാകളിൽ നിന്നായി ഇത്രയും നെല്ല് കോർപ്പറേഷന് കൈമാറാനായത്.
കുറുങ്ങൽ ഏലായിൽ നിന്ന് 50,000 കിലോ, വരിഞ്ഞം - 20,000 കിലോ, മീനാട് - 5,000 കിലോ, ഇടനാട് - 5,000 കിലോ എന്നിങ്ങനെയാണ് ചാത്തന്നൂർ പരിധിയിൽ നിന്ന് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ സംഭരണം. നെല്ലുമായി പോകുന്ന ലോറികളുടെ ഫ്ലാഗ് ഓഫ് കർമ്മം ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു നിർവഹിച്ചു. ചേന്നമത്ത് മഹാദേവ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ കൃഷി ഓഫീസർ പ്രമോദ് മാധവൻ, നെല്ല് സംഭരണ ഓഫീസർ ഓഫീസർ മനോജ്, പാടശേഖര സമിതി കൺവീനർ പ്രകാശൻ, നിറപറ മില്ല് പ്രതിനിധി ലിയോണാർഡ് തുടങ്ങിയവർ പങ്കെടുത്തു.
കുറുങ്ങൽ ഏലാ വികസനത്തിന് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സഹായങ്ങൾ ലഭ്യമാക്കിയിരുന്നു. ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും സബ്സിഡികളോടെയായിരുന്നു കൃഷിയിറക്കിയത്. ഒരു കിലോ നെല്ലിന് 28 രൂപ നിരക്കിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു പറഞ്ഞു.