(ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നടന്ന വികസന പ്രവർത്തനങ്ങളും ചുവപ്പുനാടയിൽ കുരുങ്ങിയ പദ്ധതികളും നിരവധിയാണ്. ജനപക്ഷ അഭിപ്രായങ്ങൾ ദീർഘവീക്ഷണത്തോടെ കണക്കിലെടുത്ത് വേണം ഇനി പദ്ധതികൾ ആസൂത്രണം ചെയ്യാൻ. നാടിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ആശയങ്ങൾ നിയമസഭാ സാമാജികരുടെ മുന്നിലെത്തിക്കുകയാണ് 'സാമാജിക സമക്ഷം, ജനപക്ഷം' പംക്തിയിലൂടെ കേരളകൗമുദി.)
കൊല്ലം: മഹാനഗരമാക്കുമെന്ന് നഗരസഭയും നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് സംസ്ഥാന സർക്കാരും നൽകിയ വാഗ്ദാനങ്ങൾ വെറുംവാക്കാകില്ലെന്ന പ്രതീക്ഷയിലാണ് കൊല്ലം മണ്ഡലം. തുടർഭരണത്തിന് പിന്തുണയേകിയ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്. നഗരത്തിന്റെ ഏറിയഭാഗവും ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണമെന്നാണ് ജനപക്ഷത്തിന്റെ ആവശ്യം.
വ്യാപാര - വാണിജ്യ മേഖലയിലെ പ്രതാപം വീണ്ടെടുക്കാൻ പശ്ചാത്തല സൗകര്യ വികസനത്തിനൊപ്പം പുത്തൻ ആശയങ്ങളും ഉയർന്നുവരേണ്ടതുണ്ട്. വികസനമെന്നത് കേവലം നഗരകേന്ദ്രമായ ചിന്നക്കടയെ ചുറ്റിപ്പറ്റിയാകരുത്. വിദൂര മേഖലകളെയും ഉൾപ്പെടുത്തി വിശാലമായ വികസനമെത്തണം. നിയുക്ത എം.എൽ.എ എം. മുകേഷ് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുമെന്നാണ് പൊതുസമൂഹത്തിന്റെ പ്രതീക്ഷ.
ശ്വാസം മുട്ടി ബസ് സ്റ്റാൻഡ്
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ദീർഘദൂര യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളൊന്നുമില്ല. ബസുകൾക്ക് പാർക്ക് ചെയ്യാനും സ്ഥലമില്ല. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ നടപ്പാക്കിയ തുഗ്ളക് പരിഷ്കാരം പോലെയാകരുത് ഇവിടെ. മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കണം.
മൊബിലിറ്റി ഹബ്
യാത്രാ സൗഹൃദമല്ലെന്നത് കൊല്ലം നഗരത്തിന് ഏറെക്കാലമായുള്ള അപഖ്യാതിയാണ്. അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്ക് സഞ്ചരിക്കാനും ബസ് തേടി കിലോമീറ്ററുകൾ അലയണം. ദീർഘദൂര വാഹനങ്ങളുൾപ്പെടെ നഗരം കേന്ദ്രീകരിച്ചെത്തുന്ന എല്ലാ ബസുകളുമെത്തുന്ന 'മൊബിലിറ്റി ഹബ്' എന്ന ആശയം പ്രവർത്തികമാക്കണം. ഉപയോഗശൂന്യമായ നഗരസഭയുടെ സ്ഥലങ്ങളോ പാർവതി മിൽ പരിസരമോ ഇതിനായി ഉപയോഗപ്പെടുത്താം.
സീ പോർട്ട് - ബൈപ്പാസ് റോഡ്
കൊല്ലം തുറമുഖത്തിന്റെ ഭാവി വികസനം കണക്കിലെടുത്ത് ചരക്കുഗതാഗതം സുഗമമാക്കുന്നതിന് ബൈപ്പാസിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലെത്താൻ കഴിയുന്ന വിധം റോഡുകൾ പര്യാപ്തമാകണം. വാടി - കാങ്കത്തുമുക്ക് - മാമൂട്ടിൽക്കടവ് - കുരീപ്പുഴ റോഡ് ഇത്തരത്തിലുള്ളതെന്നാണ് ജനങ്ങളുടെ അഭിപ്രായം. മാമൂട്ടിൽക്കടവ് - കുരീപ്പുഴ ഭാഗത്ത് പാലം കൂടി നിർമ്മിച്ചാൽ കുരീപ്പുഴ, പാണമുക്കം, കീക്കോലിമുക്ക് ഭാഗത്തുള്ളവരുടെ ദീർഘകാല ആവശ്യങ്ങൾക്കും പരിഹാരമാകും. നിർമ്മാണ നടപടികൾ പുരോഗമിക്കുന്ന മൺറോത്തുരുത്തിലെ കണ്ണങ്കാട്ട് പാലം പൂർത്തിയാകുന്നതോടെ കൊല്ലം - തേനി ദേശീയപാതയുടെ സമാന്തരപാതയായും ഇത് പ്രയോജനപ്പെടുത്താം.
ജനപക്ഷ ആവശ്യങ്ങൾ
1. നഗരം കേന്ദ്രീകരിച്ച് മൊബിലിറ്റി ഹബ്
2. സീപോർട്ട് - ബൈപ്പാസ് റോഡ്
3. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് സ്വന്തം കെട്ടിടം
4. ഉപപട്ടണമായ അഞ്ചാലുംമൂടിന്റെ പശ്ചാത്തല വികസനം
5. അഷ്ടമുടിയിലെ തുരുത്തുകൾ കേന്ദ്രീകരിച്ച് ജലഗതാഗതം
6. സാമ്പ്രാണിക്കോടി - കുരീപ്പുഴ പാലം
7. തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ
8. തിരുമുല്ലവാരം, തങ്കശേരി കേന്ദ്രീകരിച്ച് ടൂറിസം വികസനം
9. ഹൈസ്‌കൂൾ ജംഗ്‌ഷൻ- അഞ്ചാലുംമൂട് റോഡ് വികസനം
10. ഉൾനാടൻ ജലഗതാഗതവും പ്രദേശവാസികളെയും ഉൾപ്പെടുത്തി ടൂറിസം വികസനം