atm
കൊല്ലം ബീച്ച് റോഡിലുള്ള എ.ടി.എം കൗണ്ടറിലെ ഉപകരണങ്ങൾ നശിപ്പിച്ച നിലയിൽ

കൊല്ലം: കൊല്ലം ബീച്ച് റോഡിൽ കൊച്ചുപിലാംമൂട്ടിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലെ വൈദ്യുതി ഉപകരണങ്ങൾ തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാൾ നശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും മോഷണശ്രമം അല്ലാത്തതിനാലും മാനസിക അസ്വാസ്ഥ്യമുള്ള ആളായതിനാലും കസ്റ്റഡിയിലെടുത്തില്ല.

ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് എ.ടി.എമ്മിലെ യു.പി.എസുമായി ബന്ധപ്പെട്ട വൈദ്യുതി ലൈനുകൾ കേടാക്കിയത്. എ.ടി.എം യന്ത്രത്തിൽ തൊടാഞ്ഞതിനാൽ അലാറം മുഴങ്ങിയില്ല. രാവിലെ എട്ടരയോടെ പണം എടുക്കാനെത്തിയ ആളാണ് വിവരം പൊലീസിനെ അറിയിച്ചത്. ആദ്യ പരിശോധനയിൽ തന്നെ മോഷണശ്രമമല്ലെന്ന് സ്ഥിരീകരിച്ചു. പിന്നീട് സി.സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അക്രമത്തിന് പിന്നിൽ തെരുവിൽ അലയുന്ന ആളാണെന്ന് വ്യക്തമായത്.