കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്ന സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി തൃക്കരുവയിൽ അർഹതയില്ലാത്തവർക്ക് പാസ് നൽകിയതായി ആരോപണം. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും അടക്കം ഭക്ഷണവും മറ്റും എത്തിച്ചുനൽകുന്നവർക്കും മരുന്നുകൾ വാങ്ങി എത്തിക്കുന്നവർക്കും പാസ് നൽകിയില്ലെന്നും ആക്ഷേപമുണ്ട്.
തൃക്കരുവ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായത് മുതൽ സജീവമായിരുന്നവരെയാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവാക്കിയത്. രാഷ്ട്രീയപരമായി തങ്ങൾക്കൊപ്പം നിൽക്കുന്നവരെ തെരഞ്ഞുപിടിച്ച് അനാവശ്യമായി പാസ് വിതരണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.
പാസ് നേടിയ മിക്കവരും അനാവശ്യ യാത്രകൾ നടത്തുന്നതായും പരാതിയുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തൃക്കരുവ പഞ്ചായത്ത് മേഖലയിൽ ഇന്നലെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
" വാർഡുതല ജാഗ്രതാസമിതിയിലുള്ള രണ്ടുപേർക്ക് വീതം ഓരോ വാർഡിലും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ശുപാർശ പ്രകാരമാണ് പാസ് നൽകിയിട്ടുള്ളത്. വാർഡ് പരിധിയിലെ അവശ്യ സേവനത്തിന് മാത്രമായാണ് നൽകിയത്. പഞ്ചായത്ത് പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവർക്കും പാസ് നൽകാൻ കഴിയില്ല."
സുനിൽകുമാർ, സെക്രട്ടറി, തൃക്കരുവ ഗ്രാമപഞ്ചായത്ത്.