തൊടിയൂർ: വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ നാലു യുവാക്കൾ ചേർന്ന് രൂപപ്പെടുത്തിയ നന്മവണ്ടിയുടെ പ്രാതൽ വിതരണം 101 ദിവസം പിന്നിട്ടു. കരുനാഗപ്പള്ളി നഗരസഭാ ജീവനക്കാരൻ ബിജു മുഹമ്മദ്, അദ്ധ്യാപകൻ അബ്ദുൽ ഷുക്കൂർ, ചെറുകിട വ്യവസായ സംരംഭകൻ സന്തോഷ് തൊടിയൂർ, കല്ലേലിഭാഗത്ത് ഫോട്ടോസ്റ്റുഡിയോ നടത്തുന്ന ഹാരീസ് ഹാരി എന്നിവരാണ് നന്മവണ്ടി എന്ന ആശയത്തിന് പിന്നിൽ. സ്പോൺസർമാരില്ലാത്തപ്പോൾ സ്വന്തം നിലയിൽ ചെലവുകൾ നിർവഹിക്കാറാണ് പതിവ്.
കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്താണ് നന്മവണ്ടി ആരംഭിച്ചത്.
നന്മ വണ്ടിയുടെ പ്രവർത്തകർക്കൊപ്പം ഭക്ഷണം വിളമ്പാൻ മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, നിയുക്ത എം.എൽ.എ സി.ആർ. മഹേഷ്, ഗായിക ഹനാഫാത്തിം, ഓച്ചിറ ബി.ഡി.ഒ അജയകുമാർ തുടങ്ങിയവരും പല ഘട്ടങ്ങളിൽ എത്തിയിട്ടുണ്ട്. കൊവിഡ് പോരാളികൾക്കും കൊവിഡ് ബാധിച്ച് വീട്ടിൽ ചികത്സയിൽ കഴിയുന്നവർക്കും ഇപ്പോൾ ഭക്ഷണം നൽകിവരുന്നു. സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിനത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി മണപ്പള്ളി സ്വദേശി മുഹമ്മദ് റിയാസാണ് പ്രാതൽ വിതരണത്തിന്റെ ചെലവ് വഹിച്ചത്.