കടയ്ക്കൽ : പൊലീസ് ക്വാർട്ടേഴ്സിന് മുകളിലേക്ക് ഏത് നിമിഷവും വീഴാൻ പാകത്തിന് ഭീഷണിയുയർത്തി നിൽക്കുകയാണ് ഉണങ്ങിയ പാലമരങ്ങൾ. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ മരങ്ങളുടെ പല കൊമ്പുകളും അടർന്ന് വീണു തുടങ്ങിയിട്ടുണ്ട്. കുറ്റികാടുകൾക്കൊപ്പം വളർന്ന വള്ളിപ്പടർപ്പുകൾ ഉണങ്ങിയ മരങ്ങളെ മൂടി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ അടുത്തെത്താതെ ഈ പാല മരങ്ങൾ ആരുടെയും കണ്ണിൽ പെടില്ല. 29 പേർ പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ട്. ഇതിൽ 10 പേർ കുട്ടികളാണ്. ക്വാർട്ടേഴ്‌സ് പരിസരം മുഴുവൻ കുറ്റിക്കാടുകൾ വളർന്ന് , ഇഴജന്തുക്കളുടെ ശല്യവും ഏറെ ഉണ്ട്. അതിനിടയിലാണ് കടപുഴകി വീഴാൻ വെമ്പി നിൽക്കുന്ന മരങ്ങളും ഭീഷണി ആകുന്നത്. മരങ്ങൾ ഒരു വശത്തേയ്ക്ക് വീണാൽ ക്വാർട്ടേസിന് മുകളിൽ പതിക്കും. ഇത് വലിയ ദുരന്തത്തിന് കാരണമാകും. മറു വശത്തേയ്ക്ക് ആണെങ്കിൽ റോഡിലേക്കാവും വീഴുക. എപ്പോളും വാഹനങ്ങൾ കടന്നു പോകുന്ന മാർക്കറ്റ് - ബസ് സ്റ്റാൻഡ് റോഡിന്റെ വശത്തായിട്ടാണത്. അടിയന്തരമായി മരങ്ങൾ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.