കുന്നത്തൂർ : ശാസ്താംകോട്ട വാട്ടർ അതോറിറ്റി ഫിൽറ്റർ ഹൗസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മണിക്കൂറുകളോളം കൊല്ലം നഗരത്തിലടക്കം ജല വിതരണം മുടങ്ങി. തകരാർ പരിഹരിച്ച ശേഷമാണ് ജല വിതരണം പുനരാരംഭിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ഫിൽറ്റർ ഹൗസിലെ ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ കപ്പാസിറ്റർ പാനൽ ബോഡിന് തീ പിടിച്ചത്. കപ്പാസിറ്റർ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ശാസ്താംകോട്ട ഫയർഫോഴ്സും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. ഫയർഫോഴ്സ് ഓഫീസർ സാബുലാലിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി. രമേശ് ചന്ദ്ര, പ്രേമൻ, രതീഷ്, രാജൻ, രമേശൻ എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മറ്റ് നാശനഷ്ടങ്ങളില്ലെന്നും മണിക്കൂറുകൾക്കുള്ളിൽ പമ്പിംഗ് പുനരാരംഭിച്ചെന്നും വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് ഓഫീസർ റോയി ജോർജ് അറിയിച്ചു.