കൊല്ലം: പ്രമുഖ സാഹിത്യകാരനും ഗുരുദേവ ദാർശനികനും അദ്ധ്യാപകനുമായ മങ്ങാട് ജലജഭവനിൽ പ്രൊഫ. എം. സത്യപ്രകാശം (81) അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം.
1940ൽ തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു ജനനം. സർക്കാർ ജോലി ലഭിച്ചെങ്കിലും ഉപേക്ഷിച്ച് പഠനം തുടർന്നു. പിന്നീട് ശിവഗിരി എസ്.എൻ കോളേജിൽ അദ്ധ്യാപകനായി. നിരവധി സാംസ്കാരിക, സാമൂഹ്യ പ്രസ്ഥാനങ്ങളുടെ അമരക്കാരനാണ്. ആത്മാവ് അനശ്വരമാണ്, ഇലക്ഷൻ, അവളൊരു ദുഃഖം, സഫലമീ ജന്മം, ഗുരുദേവചിന്താ പ്രവാഹം തുടങ്ങിയവയാണ് പ്രധാന കൃതികൾ. വിവേകോദയം അവാർഡ്, ഡോ. അംബേദ്കർ പുരസ്കാരം, കേരള അദ്ധ്യാപക കലാസാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. പരേതയായ പ്രൊഫ. കെ. സുജാതയാണ് ആദ്യഭാര്യ. പിന്നീട് ജലജ പ്രകാശത്തെ വിവാഹം കഴിച്ചു. ശ്യാംകുമാർ, ദീപ മനോജ് എന്നിവർ മക്കൾ. പി. മനോജ്, പ്രഭാദേവി എന്നിവർ മരുമക്കൾ.