sathyaprakasam

കൊല്ലം: എഴുത്തിലും സാംസ്കാരിക - സാഹിത്യ പ്രവർത്തനത്തിലും ദിവ്യമായ പ്രകാശം പരത്തിയ ഒരു നക്ഷത്ര പ്രതിഭകൂടി യാത്രയായി. സഹൃദയരുടെയും വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട പ്രൊഫ. എം. സത്യപ്രകാശം. എൺപത് പിന്നിട്ടിട്ടും ഊർജ്ജസ്വലതയോടെ അദ്ദേഹം പ്രവൃത്തിമണ്ഡലത്തിൽ കർമ്മനിരതനായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിലേറെയായി സാഹിത്യരംഗത്ത് സജീവമായ പ്രൊഫ. എം. സത്യപ്രകാശം നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും പല വിലപ്പെട്ട കൃതികളും സംഭാവന ചെയ്തു.

പ്രബന്ധകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, നോവലിസ്റ്റ്, ശ്രീനാരായണ ഗുരുദേവദർശന ചിന്തകൻ, ഇംഗ്ലീഷ് പ്രൊഫസർ തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയിട്ടുള്ള സേവനങ്ങൾ അവിസ്മരണീയമാണ്. മഹാകവി എം.പി. അപ്പൻ- ഒരു സമഗ്രപഠനം, സരസകവി മൂലൂർ, വിശ്വവനിതാ പ്രതിഭകൾ, ഗുരു- ഒരു യുഗപരിവർത്തന ശില്പി തുടങ്ങിയ ജീവചരിത്ര സംബന്ധികളായ കൃതികൾ എം. സത്യപ്രകാശം എന്ന എഴുത്തുകാരന്റെ സൂക്ഷ്മാവലോകനത്തിന്റെയും ജീവചരിത്ര രചനാ വൈഭവത്തിന്റെയും നേർക്കാഴ്ചകളാണ്.

സ്വന്തം പ്രയത്നം കൊണ്ട് പ്രൊഫ. എം. സത്യപ്രകാശം സാഹിത്യലോകത്ത് തന്റെ സ്വതന്ത്ര വ്യക്തിത്വം സുസ്ഥിരമാക്കി. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിൽ 1940 മേയ് 20നായിരുന്നു ജനനം. സത്യൻ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. ആദ്യകാലത്ത് ഗലീലിയോ എന്ന തൂലികാനാമത്തിൽ എഴുതി. 'ചക്രധരനായ സി.വി. കുഞ്ഞുരാമൻ' ആണ് പ്രഥമ സാഹിത്യ രചന.1961ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ ഡിഗ്രി പാസായി സർക്കാർ സർവീസിൽ പ്രവേശിച്ചു. 1965ൽ ജോലി രാജിവച്ചു. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ പാസായി വർക്കല ശിവഗിരി എസ്.എൻ കോളേജിൽ അദ്ധ്യാപകനായി. നിരവധി സാമൂഹ്യ, സാംസ്കാരിക, സാഹിത്യ സംഘടനകളുടെ അമരക്കാരനാണ്. അദ്ദേഹം നൽകിയ സാഹിത്യ സംഭാവനകൾക്ക് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾക്കും കണക്കില്ല.