knife

കടയ്ക്കൽ: മൊബൈൽ ഫോൺ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതിയെ ഭർത്താവ് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. ചിതറ ഉണ്ണിമുക്ക് തടത്തരികത്ത് പുത്തൻ വീട്ടിൽ ബീനയ്ക്കാണ് (40) പരിക്കേറ്റത്. ഭർത്താവ് സലീമിനെ (41) ചിതറ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വീട്ടിൽ വച്ചാണ് സംഭവം. ആക്രമണത്തിൽ ബീനയുടെ ഇടത് കൽപാദം അറ്റുതൂങ്ങി. വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോയി. മുതുകിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മക്കൾ ചിതറ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ക്രൈം എസ്.ഐ രാജേഷും സംഘവും സ്ഥലത്തെത്തി ആംബുലൻസിൽ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തി കാൽപാദവും കൈയ് വിരലുകളും തുന്നിച്ചേർത്തു. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.

ഒളിവിൽ പേയ സലീമിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ബീന കടയ്ക്കലിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ്. ഭാര്യ പുതിയ മൊബൈൽ ഫോൺ വാങ്ങിയതിൽ ഇയാൾക്ക് സംശയം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.