കേരളകൗമുദിയുടെ ജനപക്ഷ ഇടപെടൽ
കൊല്ലം: ജനപക്ഷ മനസിനൊപ്പമുള്ള വികസനത്തിന് ഊന്നൽ നൽകണമെന്ന 'കേരളകൗമുദി' വാർത്തയ്ക്ക് കൊല്ലം മണ്ഡലത്തിലെ നിയുക്ത എം.എൽ.എ എം. മുകേഷിന്റെ പച്ചക്കൊടി. ചൂണ്ടിക്കാട്ടിയ പദ്ധതികളെല്ലാം നടപ്പിലാക്കുമെന്ന് എം. മുകേഷ് പറഞ്ഞു. 'സാമാജിക സമക്ഷം, ജനപക്ഷം' പംക്തിയിലൂടെ കൊല്ലത്ത് നടപ്പിലാക്കേണ്ട വികസന പദ്ധതികളെക്കുറിച്ച് ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൊബിലിറ്റി ഹബിനായി പാർവതി മിൽ പരിസരം ഏറ്റെടുക്കുന്നതിൽ കാലതാമസവും സാങ്കേതിക ബുദ്ധിമുട്ടുമുണ്ട്. സാദ്ധ്യമായ മറ്റൊരിടം കണ്ടെത്തി ഹബ് സ്ഥാപിക്കും. മൊബിലിറ്റി ഹബ് മണ്ഡലത്തിന്റെ മാത്രമല്ല നഗരത്തിന്റെ വികസനത്തിനും പ്രയോജനകരമാണ്.
സീ പോർട്ട് - ബൈപ്പാസ് കണക്റ്റിവിറ്റി റോഡും യാഥാർത്ഥ്യമാകും. ലിങ്ക് റോഡ് പൂർത്തിയാകുന്ന മുറയ്ക്ക് അതിന്റെ സാദ്ധ്യത കൂടി കണക്കിലെടുത്തായിരിക്കും റോഡ് നിർമ്മിക്കുക. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പോരായ്മകൾ പരിഹരിക്കുന്ന വികസനമത്തിക്കും. ഇതിനായി കിഫ്ബി ഫണ്ട് ലഭ്യമായില്ലെങ്കിൽ എം.എൽ.എ ഫണ്ട് വിനിയോഗിക്കുമെന്നും എം. മുകേഷ് പറഞ്ഞു.
യാഥാർത്ഥ്യമാകും
1. സാമ്പ്രാണിക്കോടി - കുരീപ്പുഴ പാലം പൂർത്തിയാക്കും
2. പെരുമൺ പാലം നിർമ്മാണം പുരോഗമിക്കുന്നു
3. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വികസനം
4. സീ പോർട്ട് - ബൈപ്പാസ് കണക്ടിവിറ്റി റോഡ്
5. സാദ്ധ്യമായ സ്ഥലത്ത് മൊബിലിറ്റി ഹബ്
6. ഹൈസ്‌കൂൾ ജംഗ്‌ഷൻ- അഞ്ചാലുംമൂട് റോഡ് വികസനം