road

#പണികൾ നിലച്ചു,​ യാത്ര ദുഷ്കരം

കൊല്ലം: മഴ ശക്തമായതോടെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ജില്ലയിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടും ചെളിക്കുണ്ടുമായി. കാലവർ‌ഷത്തിന് മുൻപ് ടാറിംഗ് പൂർത്തിയാക്കാറാണ് പതിവെങ്കിലും സാമ്പത്തിക പ്രതിസന്ധിയ്ക്ക് പുറമേ ഇത്തവണ നിയമസഭാ പെരുമാറ്റച്ചട്ടവും ലോക്ക് ഡൗണും മഴയുമാണ് കണക്കുകൂട്ടൽ തെറ്റിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് നിർമ്മാണ സാമഗ്രികളില്ലാതെ നൂറുകണക്കിന് റോഡുകളുടെ നിർമ്മാണം മുടങ്ങി. കിഫ്ബിയിൽ കോടികൾ വകയിരുത്തിയ മേജർ വർക്കുകളും പ്രതികൂല കാലാവസ്ഥയിൽ നിറുത്തിവച്ചതോടെ ഗതാഗതം ദുരിതപൂർണമായി. മാർച്ച്-ഏപ്രിലിൽ പൂർത്തിയാക്കേണ്ട അറ്റകുറ്റപ്പണി നീണ്ടതാണ് റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം. കാലവർഷം ശക്തമായതോടെ വെള്ളം കുത്തിയൊലിച്ച് നിലവിലെ എസ്റ്റിമേറ്റിൽ പൂർത്തിയാകാത്ത തരത്തിലാണ് റോഡുകൾ. പൊതുമരാമത്ത് വകുപ്പ്,​ ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള റോഡുകൾക്കാണ് ഈ ദുർഗതി. മലയോരം മുതൽ തീരദേശം വരെ അമ്പതോളം മേജർ റോഡുകളുടെ പണി ഇഴഞ്ഞുനീങ്ങുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകളിൽ പലതും വെള്ളക്കെട്ടായി.

#1000ൽ അധികം റോഡുകളുടെ നിർമ്മാണം പാതിവഴിയിൽ

ബി.എം ആൻഡ് ബി.സി,​ ടാറിംഗ്,​ റീടാറിംഗ്,​ കോൺക്രീറ്ര്,​ മെറ്റലിംഗ് വർക്കുകൾ പൂർത്തീകരിക്കേണ്ട ആയിരത്തിലധികം റോഡുകളുടെ നിർമ്മാണം മുടങ്ങി. പ്ളാൻഫണ്ട്, കിഫ് ബി, ശബരിമല റോഡ് സ്കീം പദ്ധതികളിൽ കോടികളുടെ പണികളാണ് പൊതുമരാമത്ത് വിഭാഗം പൂർത്തിയാക്കാനുള്ളത്. നിർമ്മാണത്തിനായി പലയിടത്തും റോഡുകൾ അടയ്ക്കുകയും ഗതാഗതം വഴിതിരിക്കുകയും ചെയ്തത് യാത്രാദുരിതം രൂക്ഷമാക്കി.

#പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന

ജില്ലാ പ‍ഞ്ചായത്തുൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളുടെ ആറ് മീറ്റർ വീതിയുള്ള റോഡുകളുടെ നിർമ്മാണം പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയുടെ കീഴിലാണ്. 11 ബ്ളോക്ക് പഞ്ചായത്തുകളിലായി 98 കി. മീറ്റർ വരുന്ന 55 റോഡുകളാണ് ഈ സ്കീമിലുള്ളത്. ഇതും ഇഴഞ്ഞുനീങ്ങുകയാണ്. ഗ്രാമ പഞ്ചായത്ത് റോഡുകളിൽ ഒരിടത്തും ഇത്തവണ മെയിന്റനൻസ് നടന്നില്ല. പഞ്ചായത്തുകളുടെ തനത് ഫണ്ട് കൊവിഡ് പ്രതിരോധത്തിനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കും വകമാറ്റിയതാണ് കാരണം.

#പ്രധാനമന്ത്രി ഗ്രാമീൺ സ‌ഡക് യോജനയുടെ പണികൾ ടെൻഡർ ചെയ്തിട്ടുണ്ട്. മഴ മാറിയാലുടൻ പണി ആരംഭിക്കും.

എക്സി. എൻജിനിയർ,​ പി.എം.ജി.എസ്.വൈ

#തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ലക്ഷങ്ങൾ വകമാറ്റിയതിനാൽ പല പണികളും സ്തംഭിച്ചിരിക്കുകയാണ്.

ആർ. ബിജു ,​ മുൻ പ‍ഞ്ചായത്തംഗം