chathannoor-junction
ചാത്തന്നൂർ ജംഗ്ഷൻ

കൊല്ലം: മഹാനഗരമാകാൻ കുതിക്കുന്ന കൊല്ലത്തിന്റെ ഉപനഗരമായി ചാത്തന്നൂരിനെ വികസപ്പിക്കണമെന്ന ആവശ്യമാണ് ജനങ്ങൾക്ക്. റോഡുകൾക്കും പാലങ്ങൾക്കുമൊപ്പം പ്രദേശത്തെ പരമ്പരാഗത തൊഴിൽ മേഖലകളായ ഓട് നിർമ്മാണവും കശുഅണ്ടി വ്യവസായവും പുനരുജ്ജീവിപ്പിക്കണം.

ഒരുകാലത്ത് മേച്ചിൽ ഓടുകളുടെ ഈറ്റില്ലമായിരുന്നു ഇത്തിക്കറിയാറിന്റെ തീരപ്രദേശങ്ങൾ. മറ്റിടങ്ങളിലുള്ളവർ അലങ്കാര ഓട് നിർമ്മാണത്തിലേക്ക് മാറിയപ്പോൾ ചാത്തന്നൂരിലെ ഓട് വ്യവസായം കാലയവനികയ്ക്കുള്ളിൽ മറയുകയായിരുന്നു.

തൊഴിൽ സംരക്ഷണവും പശ്ചാത്തല വികസനവും പോളച്ചിറ ഏല കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ദതികളും അടക്കം നിരവധി ആവശ്യങ്ങളാണ് മണ്ഡലത്തിനുള്ളത്. ചാത്തന്നൂർ കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കണമെന്നുള്ള ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.

പള്ളിക്കമണ്ണടി പാലം

ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിന് പള്ളിക്കമണ്ണടിയിൽ പാലം വേണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പാലം യാഥാർത്ഥ്യമായാൽ ദേശീയപാതയ്ക്ക് സമാന്തര പാതയായി ഇതുമാറും. ഇതോടെ ദേശീയപാതയിലെ തിരക്ക് ഒഴിവാകുന്നതിനൊപ്പം ആദിച്ചനല്ലൂരിലുള്ളവർക്ക് ചാത്തന്നൂരിലെത്താൻ കിലോമീറ്ററുകളുടെ ലാഭവുമുണ്ടാകും.

പൊഴിക്കരയിലെ ആർച്ച് പാലം

തീരദേശപാതയിൽ പൊഴിമുറിയുന്ന ഭാഗത്ത് ആർച്ച് പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നടപടികളുണ്ടായില്ല. പാലം വരുന്നതോടെ പൊഴിമുറിയുമ്പോൾ തീരദേശ റോഡിലുണ്ടാകുന്ന ഗതാഗത തടസം ഒഴിവാകും. തീരദേശപാതയിലൂടെ പരവൂരിൽ നിന്ന് കൊല്ലത്തെത്താൻ കിലോമീറ്ററുകളുടെ ലാഭമാണുള്ളത്.

നോക്കുകുത്തിയായി ഊറാൻവിള ബസ്‌ സ്റ്റാൻഡ്

ഏറെ വാഗ്ദ്ധാനങ്ങളുമായി മൂന്നുതവണ ഉദ്‌ഘാടനം ചെയ്ത സ്വകാര്യ ബസ് സ്റ്റാൻഡാണ് ഊറാൻവിളയിലേത്. ഉദ്‌ഘാടനങ്ങൾ മുറപോലെ നടന്നിട്ടും പ്രവർത്തനം ആരംഭിക്കാത്ത പദ്ധതികൾ ചിലപ്പോൾ മറ്റൊരിടത്തുമുണ്ടാകില്ല. ഊറാൻവിളയിലെ സ്റ്റാൻഡിൽ ഒരു ബസ് പോലും ഇന്നേവരെ എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കൊട്ടിയം വരെയുള്ള സ്വകാര്യബസുകൾ ചാത്തന്നൂർ വരെയാക്കാനുള്ള തീരുമാനമുണ്ടാകുമെന്ന പ്രഖ്യാപനവും ഫയലിൽ ഉറങ്ങുകയാണ്. ട്രാഫിക് അതോറിറ്റി തീരുമാനമുണ്ടായി സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി വാങ്ങി സിറ്റി ബസുകൾ ചാത്തന്നൂർ വരെയാക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നുണ്ട്.

അപകടമേഖലകളിൽ അടിയന്തര ശ്രദ്ധ

ദേശീയപാതയിൽ നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പട്ടണം കൂടിയാണ് ചാത്തന്നൂർ. മൈലക്കാട്, ഇത്തിക്കര പാലം, സ്റ്റാൻഡേർഡ് ജംഗ്ഷൻ, തിരുമുക്ക്, ഊറാൻവിള, ശീമാട്ടി, പാറ ജംഗ്ഷൻ, കെ.പി.എച്ച്.എസ്, ഇടിയംവിള, മുക്കട, കടമ്പാട്ടുകോണം എന്നിവിടങ്ങളിലൊക്കെ ദേശീയപാതാ വികസനം കാത്തുനിൽക്കാതെ അപകടങ്ങൾ ഒഴിവാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം.

പോളച്ചിറയിലെ ദേശാടനം

ദേശാടനപക്ഷികൾ കൂട്ടത്തോടെയെത്തുന്ന പ്രദേശമാണ് പോളച്ചിറ. ജൈവകൃഷിയും നെൽക്കൃഷിയുമൊക്കെയായി പരന്നുകിടക്കുന്ന പോളച്ചിറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. പരവൂർ തീരദേശത്തെ ടൂറിസം പദ്ധതികൾക്ക് വേഗം കൂട്ടണമെന്നും ടൂറിസത്തിന് തദ്ദേശവാസികളെ കൂടി ഉൾക്കൊള്ളിക്കണമെന്നും ആവശ്യമുണ്ട്.

ജനപക്ഷ ആവശ്യങ്ങൾ

1. ചാത്തന്നൂർ താലൂക്ക് രൂപീകരിക്കണം
2. കല്ലുവാതുക്കലിൽ ആയുർവേദ ഗവേഷണകേന്ദ്രം നടപടികൾ വേഗത്തിലാക്കണം
3. പഞ്ചായത്തുകളിൽ ശ്മശാനം
4. പൊഴിക്കര തീരദേശപാതയിൽ പാലം
5. പരവൂർ ഫിഷിംഗ് ഹാർബർ പുനരുജ്ജീവിപ്പിക്കണം
6. ക്വാറി, കശുഅണ്ടി, ഓട് നിർമ്മാണം തുടങ്ങിയ മേഖലകളിൽ തൊഴിൽ ഉറപ്പാക്കണം
7. പൂയപ്പള്ളി ഭാഗത്തെ പാറമലകൾ, പോളച്ചിറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ