കൊല്ലം: ജെ. കമലാസനൻ വൈദ്യർ നിര്യാതനായിട്ട് പതിനഞ്ച് വർഷം തികയുകയാണ്. പുനലൂരിലെ രാഷ്ട്രീയ, സാമുദായിക, സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തി പ്രഭാവമായിരുന്നു അദ്ദേഹം.
യോഗം പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് ചെയർമാൻ എന്നീ സ്ഥാനങ്ങളിലെത്താൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.
അദ്ദേഹം പത്തനാപുരം യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് യൂണിയന്റെ ആസ്ഥാനമന്ദിരം 28 ലക്ഷം രൂപ മുടക്കി നിർമ്മിച്ചു. അതിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സാഹചര്യം ഒരുക്കുകയും ചെയ്തു. പ്രീഡിഗ്രി വേർപ്പെടുത്തിയതിന് പകരമായി അനുവദിച്ച ഹയർ സെക്കൻഡറി സ്കൂൾ എസ്.എൻ ട്രസ്റ്റിന്റെ കീഴിൽ ഐക്കരക്കോണത്ത് സ്ഥാപിക്കാൻ കഴിഞ്ഞു.
മൈക്രോ ഫിനാൻസ് പദ്ധതിയുടെ പ്രയോജനം കിഴക്കൻ മലയോര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പത്തനാപുരം യൂണിയനിലെ ശാഖാ അംഗങ്ങൾക്കും എത്തിച്ചു. ശാഖായോഗം പ്രവർത്തകരുടെ പ്രശ്നങ്ങൾ സൗമ്യതയോടെ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമായി അനുവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ശ്ലാഖനീയമാണ്. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും മൂല്യങ്ങൾക്ക് മങ്ങലേൽക്കുന്ന ഇക്കാലത്ത് കമലാസനൻ വൈദ്യരെപ്പോലുള്ളവരുടെ പ്രവർത്തനശൈലി അനുകരിക്കപ്പെടേണ്ടതാണ്.
സ്നേഹംകൊണ്ടും സൗമ്യതകൊണ്ടും പുനലൂർ നിവാസികളുടെ ആദരവ് നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പൊതുപ്രവർത്തനത്തിൽ നിന്ന് ലഭിച്ച അനുഭവജ്ഞാനവും പാരമ്പര്യവും പുനലൂർ നഗരസഭയുടെ ചെയർമാനെന്ന നിലയിൽ ദീർഘകാലം പ്രവർത്തിക്കുന്നതിനും പുനലൂർ പട്ടണത്തിന്റെ വികസനത്തിൽ തന്റേതായ പങ്ക് വഹിക്കുന്നതിനും കഴിഞ്ഞു.
എസ്.എൻ.ഡി.പി യോഗം കൗൺസിലറായും ട്രസ്റ്റ് എക്സി. അംഗമായും ദീർഘകാലം പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ ശ്രീനാരായണ മെഡിക്കൽ മിഷൻ അംഗമായിരുന്നപ്പോൾ പുനലൂരിലെ ആർ.എസ്.എം ആശുപത്രിയുടെ വികസനത്തിന് ആക്കംകൂട്ടി. ഈ മേഖലകളിൽ അദ്ദേഹം സ്വീകരിച്ച നയപരമായ പ്രവർത്തനം 2005ൽ എസ്.എൻ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്കും യോഗത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും അവരോധിക്കുന്നതിന് സാഹചര്യമൊരുക്കി. രണ്ട് സ്ഥാനങ്ങളും കമലാസനൻ വൈദ്യരെ തേടിയെത്തുകയായിരുന്നു.
ഒരു പൊതുപ്രവർത്തകൻ സത്യസന്ധനായിരിക്കണമെന്നും അപരന്റെ സ്നേഹവും വാത്സല്യവും പിടിച്ചുപറ്റണമെന്നും ഏത് ഉന്നത സ്ഥാനം വഹിക്കുമ്പോഴും മനുഷ്യസ്നേഹം കൈവിടരുതെന്നുമുള്ള ഉന്നതമൂല്യങ്ങൾക്ക് യാതൊരു പോറലും ഏൽപ്പിക്കാതെ ജീവിതാന്ത്യം വരെ അദ്ദേഹം പ്രവർത്തിച്ചു. അതിന് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും അദ്ദേഹത്തെ പിന്തുണച്ചു.
സർവരാലും അംഗീകരിക്കപ്പെടുന്ന സമുന്നത സ്ഥാനങ്ങൾ വഹിക്കുന്ന സമയത്താണ് അകാലത്തിൽ 68-ാം വയസിൽ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിന് തീരാനഷ്ടമാണ്.
എസ്. സദാനന്ദൻ
എസ്.എൻ.ഡി.പി യോഗം
പത്തനാപുരം യൂണിയൻ
മുൻ സെക്രട്ടറി,
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം