കൊട്ടാരക്കര: ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്കെതിരെ കേസ്. പിഴ ഈടാക്കി. പി.പി.ഇ കിറ്റ്, ഓക്സി മീറ്റർ, മാസ്ക്, സാനിറ്റൈസർ, ഇൻ ഹെയ്ലർ എന്നിവയ്ക്ക് അമിത വില ഈടാക്കിയ വ്യാപാരികൾക്കെതിരെയാണ് ലീഗൽ മെട്രോളജി വകുപ്പ് നടപടി സ്ഥികരിച്ചത്. പുനലൂർ, കൊട്ടാരക്കര താലൂക്കുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പുനലൂർ, അഞ്ചൽ, കടയ്ക്കൽ, കൊട്ടാരക്കര എന്നിവിടങ്ങളിലെ മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. വിലയോ, പൂർണമായ മേൽ വിലാസമോ ഇല്ലാതെ വില്പനക്കായി സൂക്ഷിച്ചിരുന്ന പി.പി.ഇ കിറ്റ്, പൾസ് ഓക്സി മീറ്റർ, മാസ്ക്, ഇൻഹെയ്ലർ എന്നിവ പിടിച്ചെടുത്തു. നാല് സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിഴ ഇനത്തിൽ മുപ്പതിനായിരം രൂപ ഈടാക്കുകയും ചെയ്തു. ഇൻസ്പെക്ടർമാരായ എ.ഷഫീർ, ഡി.പി. ശ്രികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് ആർ. രാജേഷ്, ദിനേശ് എന്നിവർ പങ്കെടുത്തു. തുടർ ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു