തൊടിയൂർ: ഗ്രന്ഥശാലാ പ്രവർത്തകരുടെ വെർച്വൽ കൂട്ടായ്മ ഒരുക്കാൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ വാർഷിക പൊതുയോഗം തീരുമാനിച്ചു. താലൂക്കിലെ ഗ്രന്ഥശാലകളെ നാല് മേഖലകളായി തിരിച്ച് ഗ്രന്ഥശാലാ പ്രവർത്തകരുടെ വെർച്വൽ കുടുംബ സംഗമം സംഘടിപ്പിക്കും. കുട്ടികൾക്കായി " ഒപ്പം കൂടാം ഒത്തുരസിക്കാം" പദ്ധതി വഴി ഓൺലൈൻ സർഗാത്സവം, ബോധവത്ക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ഗ്രന്ഥശാലാ പ്രവർത്തകർക്കായി മോട്ടിവേഷൻ ക്ലാസുകൾ , കൊവിഡ് പ്രതിരോധത്തിനായി അക്ഷരസേന, ഒരു വിളിക്കപ്പുറത്ത് ഒരു പുസ്തകം പദ്ധതി , 25 ഗ്രന്ഥശാലകൾക്ക് അഫിലിയേഷൻ നൽകാനുള്ള പദ്ധതി , സ്ത്രീ വായന പരിപോഷിപ്പിക്കാനായി അതിജീവിക്കാൻ പെൺവായന പദ്ധതി , വിദ്യാർത്ഥികൾളെ എൽ.എസ്.എസ്,യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ സഹായിക്കാൻ ഓൺലൈൻ ക്ലാസുകൾ എന്നിവ സജ്ജമാക്കും.സർക്കാരിന്റെ വാക്സിൻ ചലഞ്ചിന് 2000 വാക്സിനുകളുടെ തുക സംഭാവന ചെയ്യം. താലൂക്ക് ലൈബ്രറി സംഗമം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ.മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ബി.ശിവൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി.സുകേശൻ ജില്ലാ പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി വി.വിജയകുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. ജില്ലാ എക്സി. അംഗങ്ങളായ ഡോ. വള്ളിക്കാവ് മോഹൻദാസ്‌, വി.പി. ജയപ്രകാശ് മേനോൻ ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ എന്നിവർ സംസാരിച്ചു.
സുരേഷ് വെട്ട്കാട് സ്വാഗതവും പി.കെ.ഗോപാലകൃ ഷ്ണൻ നന്ദിയും പറഞ്ഞു.