h
ചിറയിൽക്കടവ് പാലം തകർന്ന നിലയിൽ

മൺറോത്തുരുത്ത്: മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് കിടപ്രം തെക്ക് വാർഡിലെ ചിറയിൽക്കടവ് പാലം ശക്തമായ മഴയിൽ തകർന്നു. പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് കടത്തുവള്ളത്തിലാണ് യാത്രക്കാർ അക്കരെയിക്കരെ സഞ്ചരിച്ചിരുന്നത്.

കല്ലടയാറിന്റെ ശാഖയായ ചിറയിൽ തോടിന് കുറുകെയുള്ള പാലം പതിറ്റാണ്ടുകൾക്ക് മുമ്പ് കിടപ്പുറം പെരുങ്ങാലം ഭാഗത്തേക്ക് കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി പണികഴിപ്പിച്ചതാണ്. പാലം അപകടത്തിലായതോടെ രണ്ട് വർഷം മുമ്പാണ് യാത്ര നിരോധിച്ച് കടത്തുവള്ളം ഏർപ്പെടുത്തിയത്.

പാലത്തിന്റെ അവശേഷിക്കുന്ന ഭാഗത്തിലൂടെയുള്ള പൈപ്പ്ലൈൻ തകർന്നാൽ ജനങ്ങളുടെ കുടിവെള്ളവും മുട്ടും. പാലം പുനർനിർമ്മിച്ച് ജനങ്ങളുടെ ദുരിതാവസ്ഥ പരിഹരിക്കണമെന്ന് വാർഡ് മെമ്പർ സുശീല ജയകുമാർ ആവശ്യപ്പെട്ടു.