കൊല്ലം: എഴുത്തുകാരനും ഗുരുദേവ ദാർശനികനും സാംസ്കാരിക പ്രവർത്തകനുമായ പ്രൊഫ. എം. സത്യപ്രകാശത്തിന് ആസ്വാദകരും ശിഷ്യരും അടക്കം ആയിരങ്ങൾ മനസുകൊണ്ട് അന്ത്യാഞ്ജലി അർപ്പിച്ചു. കൊവിഡ് ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തെ അവസാനമായൊന്ന് കാണാൻ മങ്ങാട്ടെ ജലജ ഭവനിലേക്ക് ആയിരങ്ങൾ എത്തിയേനെ.
പ്രായത്തിന് മുന്നിൽ തളരാതെ എഴുത്തിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു പ്രൊഫ. എം. സത്യപ്രകാശം. കൊല്ലത്തെ ഒട്ടുമിക്ക സാംസ്കാരിക സദസുകളിലെയും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. നാല് ദിവസം മുൻപാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. അദ്ദേഹം പ്രഭാഷണം നടത്തിയ വേദികൾക്കും വായിച്ച പുസ്തകങ്ങൾക്കും കണക്കില്ല. വിജ്ഞാനത്തിന്റെ ഒരു മഹാഗോപുരത്തെയാണ് കൊവിഡ് കവർന്നെടുത്തത്. സാഹിത്യ - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ പ്രതിഭകളായ വിദ്യാർത്ഥികളെ കണ്ടെത്തി ആദരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സത്യപ്രകാശത്തിന്റെ ശീലമായിരുന്നു.
ലേഖനമാല്യം, ചിന്താസൗരഭം, ആശാന്റെ ശില്പശാല, വിശ്വസാഹിതീയ ദർശനം, അനശ്വര ചിന്തകൾ തുടങ്ങിയ പഠനഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ ആഴമേറിയ സാഹിത്യ വിജ്ഞാനത്തിന്റെ നിദർശനങ്ങളായും നിലകൊള്ളുന്നു. തകർന്ന തംബുരു, ആഴിയുടെ മകൾ തുടങ്ങിയ നോവലുകളും ആത്മാവ് അനശ്വരമാണ്, ഇലക്ഷൻ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും വൈവിദ്ധ്യമേറിയ കലാസൃഷ്ടികളാണ്. സ്വന്തം പ്രയത്നംകൊണ്ട് പ്രൊഫ. എം. സത്യപ്രകാശം സാഹിത്യലോകത്ത് തന്റെ സ്വതന്ത്ര വ്യക്തിത്വം സുസ്ഥിരമാക്കി. അറുപതിലേറെ കൃതികൾ രചിച്ച ഈ സാഹിത്യഭക്തനിലേക്ക് ആസ്വാദകലോകം നിരന്തരം കണ്ണുനട്ടിരിക്കുകയായിരുന്നു. 22ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. സാമൂഹിക, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിളിച്ച് അനുശോചനം അറിയിച്ചു.