കൊല്ലം: മുംബയിൽ കഴിഞ്ഞ തിങ്കളാഴ്ച ടൗക്‌തേ ചുഴലിക്കാറ്റിൽ ബാർജ് മുങ്ങി മരിച്ച ശക്തികുളങ്ങര പുത്തൻതുരുത്ത് ഡാനിഡെയിലിൽ ആന്റണി എഡ്വിന്റെ (27) മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ശക്തികുളങ്ങരയിലെ വീട്ടിലെത്തിച്ച ശേഷം തൊട്ടടുത്തുള്ള സെന്റ് മേരീസ് പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. കൊല്ലം രൂപത ബി.സി.സി ഡയറക്ടർ ജോസഫ് ഡാനിയലിന്റെ നേതൃത്വത്തിലായിരുന്നു വീട്ടിലെയും പള്ളിയിലെയും സംസ്കാര ചടങ്ങുകൾ. അന്ത്യോപചാരം അർപ്പിക്കാൻ കൊല്ലം രൂപത ബിഷപ്പ് പോൾ ആന്റണി മുല്ലശേരിൽ എത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, നിയുക്ത എം.എൽ.എ ഡോ. സുജിത്ത് വിജയൻപിള്ള തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.
ചുഴലിക്കാറ്റിൽ മുങ്ങിയ ആഫ്കോൺ എന്ന കമ്പിനിയുടെ ബാർജിലെ മെക്കാനിക്കൽ സൂപ്പർവൈസറായിരുന്നു ആന്റണി. ബാർജിൽ തന്നെയായിരുന്നു താമസം. അപകടശേഷം ആന്റണിയെ കുറിച്ച് വിവരങ്ങൾ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളിയായ എഡ്വിന്റെയും വിമലയുടെയും മകനാണ് ആന്റണി. ചാൾസും ഡാനിയും സഹോദരങ്ങളാണ്.