ഓച്ചിറ: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ 'വാക്സിനേറ്റ് ഇന്ത്യ' കാമ്പയിന്റെ ഭാഗമായി കുലശേഖരപുരത്ത് ആരംഭിച്ച കൊവിഡ് വാക്സിനേഷൻ ഹെൽപ്പ് സെന്ററിന്റെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. വാക്സിനേഷൻ രജിസ്ട്രേഷൻ സഹായം, അർഹരായവർക്ക് സൗജന്യ ഭക്ഷ്യധാന്യ ക്കിറ്റ്, മെഡിസിൻ വിതരണം, കൊവിഡ് രോഗികളുടെ വീടും പരിസരവും അണുവിമുക്തമാക്കൽ, രോഗികൾക്ക് ടെസ്റ്റിന് വേണ്ടിയുള്ള വാഹനസൗകര്യം, രോഗികൾ മരണപ്പെടുകയാണെങ്കിൽ അന്ത്യകർമ്മങ്ങൾക്ക് സന്നദ്ധസേന തുടങ്ങിയ സേവനങ്ങൾ ഹെൽപ്പ് സെന്റർ വഴി ലഭിക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കളരിയ്ക്കൽ ജയപ്രകാശ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോകൻ കുറുങ്ങപ്പളളി, ജെ. ഗുരുപ്രസാദ്, പെരുമാനൂർ രാധാകൃഷ്ണൻ, അജീഷ് പുതുവീട്ടിൽ, ഷറഫുദ്ദീൻ നിബ്രാസ്, നജീബ റിയാസ്, ഷീജ, സബീന, മിനി, ആബിദ, ഉപേന്ദ്രൻ, രവി വേണാട്ട്, റിയാസ് ബദർ, എസ്. ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.